ആലപ്പുഴ : പദ്ധതിവിഹിതം വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് യോഗത്തിൽ നിന്നും പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി.പ്രസിഡന്റ് ജി.വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ വെള്ളിയാഴ്ച രാവിലെ ആരംഭിച്ച യോഗത്തിൽ 2019-20 വാർഷിക പദ്ധതികളുടെ അവലോകനത്തിന് ശേഷമായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.
ഇപ്പോഴുള്ള ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ അധികാരകാലഘട്ടത്തിൽ ജില്ലയിൽ എന്ത് വികസനമാണ് നടത്തിയതെന്ന് പ്രതിപക്ഷ അംഗങ്ങൾ ചോദിച്ചു . വർക്കിംഗ് ഗ്രൂപ്പ് യോഗവും, ഗ്രാമസഭയും, വികസന സെമിനാറുമൊക്കെ പ്രഹസനമാക്കി മാറ്റുന്നവർ ബഡ്ജറ്റ് അവതരണത്തിൽ പറയുന്നതെങ്കിലും നടപ്പാക്കാൻ ആർജ്ജവം കാട്ടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 20.ലക്ഷം രൂപമുടക്കി നടപ്പാക്കുന്ന സഞ്ചരിക്കുന്ന കാൻസർ നിർണയ ക്യാമ്പിൽനിന്നും യാതൊരു റിസൾട്ടും ലഭിക്കുന്നില്ലെന്ന് ചമ്പക്കുളം ഡിവിഷൻ അംഗം ബിനു ഐസക് രാജു പറഞ്ഞു.മത്സ്യ മേഖലയിലേയ്ക്ക് വകയിരുത്തിയ പണം വിനിയോഗിക്കാൻ ഗ്രൂപ്പുകൾക്ക് വല നൽകുന്ന പദ്ധതി അടിയന്തിരമായി നടപ്പാക്കണമെന്ന് അമ്പലപ്പുഴ ഡിവിഷൻ അംഗം എ.ആർ.കണ്ണൻ, മനക്കോടം ഡിവിഷൻ അംഗം സജിമോൾ ഫ്രാൻസിസ് എന്നിവർ ആവശ്യപ്പെട്ടു.