ആലപ്പുഴ : കയർ മേഖലയുടെ യന്ത്രവത്കരണ,ഉത്പന്ന വൈവിധ്യ പദ്ധതിയുടെ ഉദ്ഘാടനം 17ന് വൈകിട്ട് മൂന്നിന് പാതിരപ്പള്ളി എയ്ഞ്ചൽ കിംഗ് ഓഡിറ്റോറിയത്തിൽ മന്ത്രി തോമസ് ഐസക്ക് നിർവഹിക്കും. 620 ഓട്ടോമാറ്റിക്ക് സ്പിന്നിംഗ് മെഷീനുകൾ, 3000 ഇലക്ട്രോണിക് റാട്ടുകൾ, 91 വില്ലോയിംഗ് മെഷീനുകൾ എന്നിവയുടെ വിതരണം, 21 ഓട്ടോമാറ്റിക്ക് ലൂമുകളുടെ വിന്യാസം സംബന്ധിച്ച പ്രഖ്യാപനം, റിമോട്ട് സ്‌കീം വായ്പകൾ, സംഘങ്ങളുടെ വൈദ്യുതി കുടിശിക, ക്യാഷ് ക്രഡിറ്റ് കുടിശിക എന്നിവയ്ക്കുള്ള കടാശ്വാസ പദ്ധതികളുടെ പ്രഖ്യാപനം, കോറിഡോർ മാറ്റ്, റോപ്പ് മാറ്റ് എന്നിവ നിർമ്മിക്കുന്നതിനുള്ള പരിശീലന പദ്ധതികളുടെ ഉദ്ഘാടനം എന്നിവയും നടക്കും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും. കയർ വകുപ്പ് സെക്രട്ടറി പി.വേണുഗോപാൽ മുഖ്യപ്രഭാഷണം നിർവഹിക്കും. കയർ വികസന വകുപ്പ് ഡയറക്ടർ എൻ.പത്മകുമാർ പദ്ധതി വിശദീകരിക്കും. കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ,കയർ മെഷിനിറി ഫാക്ടറി ചെയർമാൻ കെ.പ്രസാദ്, കയർഫെഡ് പ്രസിഡന്റ് അഡ്വ.എൻ സായ്‌കുമാർ,കയർ ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ഗണേശൻ, ഫോം മാറ്റിംഗ്സ് ചെയർമാൻ കെ.ആർ ഭഗീരഥൻ,മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാതിലകൻ, ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ഹരിദാസ്,ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി. സ്നേഹജൻ, ജില്ല പഞ്ചായത്ത് മെമ്പർ കെ.ടി.മാത്യു, മാരാരിക്കുളം തെക്ക് പഞ്ചായത്ത് അംഗം മുത്തുലക്ഷ്മി ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
ജില്ലയിൽ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ കയർ മേഖലയിൽ പ്രവർത്തിക്കുന്നവരിൽ റിമോട്ട് സ്‌കീം വഴി വായ്പ എടുത്ത് കുടിശിക വന്നതിനെ തുടർന്ന് ജപ്തി നടപടികൾ നേരിടുന്നവർക്ക് കയർ വികസന വകുപ്പ് ഒറ്റത്തവണ വായ്പ തീർപ്പാക്കൽ പരിപാടി ഇതോടൊപ്പം സംഘടിപ്പിക്കും.