ആലപ്പുഴ: ഇ.എം.എസ് സ്റ്റേഡിയത്തിനു സമീപം കൂട്ടിയിട്ടിരുന്ന തടികൾക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. തൊട്ടടുത്തായി കൂട്ടിയിട്ടിയിരുന്ന മാലിന്യങ്ങൾ കത്തിച്ചപ്പോൾ തടിയിലേക്ക് തീ പടരുകയായിരുന്നു. കനാൽ നവീകരണത്തിന്റെ ഭാഗമായി ജലവിഭവ വകുപ്പ് അധികൃതർ മുറിച്ചു മാറ്റിയ വൃക്ഷങ്ങളുടെ ഭാഗങ്ങളാണ് സ്റ്റേഡിയത്തിനു സമീപം സൂക്ഷിച്ചിരുന്നത്.
വ്യാഴാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. രണ്ടുമൂന്നു ദിവസങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന തടികളിൽ തീ ആളുകയായിരുന്നു. സ്റ്റേഡിയത്തിൽ കളിക്കാൻ എത്തിയവരാണ് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചത്. കനാൽ നവീകരണത്തിന്റെ ഭാഗമായി ഇറിഗേഷൻ വകുപ്പ് വെട്ടി മാറ്റിയ തടികൾക്കാണു തീപിടിച്ചത്. സാധാരണ ഗതിയിൽ ഉപയോഗിക്കുന്നതിനെക്കാൾ നാലിരട്ടി വെള്ളമാണ് അഗ്നിരക്ഷാ സേനയ്ക്ക് വേണ്ടി വന്നത്. തീ അണയ്ക്കാൻ പ്രയാസം നേരിട്ടതിനെ തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് മരക്കഷ്ണങ്ങൾ മറിച്ചിടേണ്ടി വന്നു. ആലപ്പുഴ ഫയർഫോഴ്സ് യൂണിറ്റിന് വെള്ളം തികയാതെ വന്നതിനെ തുടർന്ന് ചേർത്തല യൂണിറ്റിൽ നിന്നു രണ്ട് വണ്ടികൾ എത്തിയിരുന്നു.
കനാൽക്കരയിൽ ഗതാഗത തടസം ഉണ്ടാക്കിയപ്പോഴാണ് തടികൾ ഇ.എം.എസ് സ്റ്റേഡിയത്തിനു സമീപം നിക്ഷേപിച്ചത്. തീ കെടുത്തിയ ശേഷം എത്രയും പെട്ടെന്നുതന്നെ തടികൾ ഇവിടെ നിന്നു മാറ്റണമെന്നു നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ആവശ്യപ്പെട്ടു.