ആലപ്പുഴ: ജില്ലയിൽ കോൺഗ്രസ് പാർട്ടിയെ ഒരു കാലഘട്ടം മുഴുവൻ മുന്നിൽ നിന്ന് നയിച്ച പ്രധാന നേതാവായിരുന്ന തച്ചടിപ്രഭാകരന്റെ ചരമവാർഷികം ജില്ലാ കോൺഗ്രസ് നേതൃത്വം മറന്നു. ഇന്നലെ തച്ചടിയുടെ 20-ാമത് ചരമവാർഷികമായിരുന്നിട്ടും ഡി.സി.സിയിൽ അനുസ്മരണ ചടങ്ങ് നടന്നില്ല.
രണ്ട് തവണയായി എട്ടു വർഷം ഡി.സി.സി പ്രസിഡന്റായിരുന്ന നേതാവാണ് തച്ചടി. മൂന്ന് തവണ കായംകുളം നിയോജക മണ്ഡലത്തിൽ നിന്ന് ജയിച്ചിട്ടുണ്ട്. 1986ൽ കെ.കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 1977ലെ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ രണ്ട് ലോക് സഭാ സീറ്റിലും എല്ലാ അസംബ്ളി സീറ്റുകളിലും കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി വിജയിച്ചത് തച്ചടിയുടെ നേതൃപാടവത്തിലൂടെയായിരുന്നു.
ഡി.സി.സി പ്രസിഡന്റ് എം.ലിജു പദയാത്ര നയിക്കുന്ന തിരക്കിലാണ്. എന്നാൽ 92 ഭാരവാഹികളുള്ള ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ ഏതെങ്കിലും ഒരു നേതാവിനെ അനുസ്മരണ ചടങ്ങിന്റെ ചുമതല ഏല്പിക്കാമായിരുന്നുവെന്ന അഭിപ്രായമാണ് ചില മുതിർന്ന നേതാക്കൾ പ്രകടിപ്പിച്ചത്. തച്ചടിയെപ്പോലെ ഒരു നേതാവിനെ മറന്നതിൽ പാർട്ടി പ്രവർത്തകർക്കിടയിലും മുറുമുറുപ്പുണ്ട്.