മാവേലിക്കര: ജില്ലാ ആശുപത്രിയിൽ രോഗികളെ ഒരു കെട്ടിടത്തിൽ നിന്നു മറ്റൊന്നിലേക്കു കൊണ്ടുപോകാൻ ഇലക്ട്രിക് ആംബുലൻസ് റെഡി. ജില്ലയിൽ ഇതാദ്യമായാണ് ഇലക്ട്രിക് ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുന്നത്.
ആർ.രാജേഷ് എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തിയാണ് ഇലക്ട്രിക് ആംബുലൻസ് വാങ്ങിയത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ബഗ്ഗി കാറിൽ ഡ്രൈവറെ കൂടാതെ മൂന്നു രോഗികൾക്ക് ഇരുന്നും ഒരു രോഗിയെ കിടത്തിയും കൊണ്ടുപോകാനാവും. ഗവൺമെന്റ് ഇ-മാർക്കറ്റ് പ്ലേസ് (ജെം) മുഖേനയാണ് ആംബുലൻസ് വാങ്ങിയത്. ആർക്കും അനായസേന ഓടിക്കാൻ കഴിയുന്ന ആംബുലൻസിന്റെ പരമാവധി വേഗം മണിക്കൂറിൽ 30 കിലോമീറ്ററാണ്. ആശുപത്രി കോമ്പൗണ്ടിലെ വാഹനങ്ങളുടെ പരമാവധി വേഗത 15 കിലോമീറ്റർ ആയി നിജപ്പെടുത്തിയിട്ടുള്ളതിനാൽ ആംബുലൻസിലും ഈ വേഗമാണ് ക്രമീകരിച്ചിരിക്കുന്നത്. കോയമ്പത്തൂരിൽ പ്രവർത്തിക്കുന്ന റൂട്സ് ഇൻഡസ്ട്രി ആണ് ഇലക്ട്രിക് ആംബുലൻസ് തയ്യാറാക്കിയത്.