photo

ചേർത്തല:കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഗരുഡൻ തൂക്കത്തിനുള്ള ചാട് ഏ​റ്റുവാങ്ങൽ ചടങ്ങ് നടന്നു.സെക്രട്ടറി പി.കെ.ധനേശൻ ക്ഷേത്രം മേൽശാന്തി വി.കെ.സുരേഷ് ശാന്തിയുടെ സാന്നിദ്ധ്യത്തിൽ വഴിപാട് സമർപ്പിക്കുന്ന കെ.ജാസി പൊഴിക്കലിന് ചാട് കൈമാറി.ദേവസ്വം കമ്മിറ്റി അംഗങ്ങളായ കെ.വി.കമലാസനൻ,പി.പ്രകാശൻ,ചാട് നിർമ്മിക്കുന്നതിനുള്ള അവകാശികളായ ശേഖരപണിക്കൻ,ഷാജി എന്നിവരും പങ്കെടുത്തു.
സമാപന ദിവസമായ 21ാംഉത്സവ ദിനത്തിലാണ് ഗരുഡൻ തൂക്കവഴിപാട് നടക്കുന്നത്.ദാരിക വധവുമായി ബന്ധപ്പെട്ടുള്ളതാണ് ഇതിന് പിന്നിലെ ഐതിഹ്യം.ദാരികനും ഭദ്റകാളിയും തമ്മിൽ നടന്ന ഘോരയുദ്ധം മുകളിൽ വട്ടമിട്ട് പറന്ന് വീക്ഷിക്കുകയായിരുന്നു ഗരുഡൻ.ദാരിക നിഗ്രഹത്തിനു ശേഷം കോപവതിയായ ഭദ്റകാളി ഗരുഡനെ ആക്രമിക്കുവാൻ ഒരുങ്ങി.കേണപേക്ഷിച്ചിട്ടും ഗരുഡന്റെ മൂന്നു തുള്ളി രക്തം കുടിച്ചശേഷം മാത്രമാണ് ആക്രമണത്തിൽ നിന്നും ഭദ്റകാളി പിൻവാങ്ങിയത്.ഈ പുരാണകഥ യുടെ ഇതി വൃത്തമാണ് ഗരുഡൻ തൂക്കം വഴിപാടിന് ആധാരം.ഇതിനായി പ്രത്യേകം ചാട് സജ്ജമാക്കും.നാല് വലിയ മരച്ചക്രങ്ങൾ ഘടിപ്പിച്ച രഥമാണ് ചാട്.രഥത്തിന്റെ മുകളിലെ വശങ്ങളിൽ കുരുത്തോലകളും ചാടിന്റെ നാലു കോണിലും വാഴയും വാഴക്കുലകളും കൊണ്ട് അലങ്കരിക്കും.വൈദ്യുത ബൾബുകളുടെ അലങ്കാരത്തിൽ രഥം പ്രഭാപൂരിതമാകും.ചെണ്ടയും മദ്ദളവും കൊമ്പും കുഴലും ചേർന്ന വാദ്യമേളങ്ങളുടെ താളക്കൊഴുപ്പിലാണ് ഗരുഡന്റെ വരവ്.മേളക്കാർ ഒരുക്കുന്ന പാണ്ടി മേളത്തിൽ ഗരുഡൻമാർ പറന്ന് നൃത്തം ചെയ്യും.ചാട് കടന്നു വരുന്ന നിമിഷങ്ങളിൽ കരിമരുന്നിന്റെ വിസ്മയ കാഴ്ചയുമുണ്ടാകും.ആയിരക്കണക്കിന് ഭക്തജനങ്ങൾ ചേർന്ന് ചാട് വലിച്ച് പുലർച്ചെയോടെ ദേവിയുടെ നടയിൽ സമർപ്പിക്കും.

കണിച്ചുകുളങ്ങരയിൽ ഇന്ന്

താലിച്ചാർത്ത് മഹോത്സവം,പാട്ടുംതാലിയും ചാർത്ത് ഉച്ചയ്ക്ക് 12ന്,പ്രഭാഷണം വൈകിട്ട് 5ന്,ദീപാരാധന,വിളക്ക് 6.30ന്,നാദ ലയതരംഗം,ഡ്രം സോളോ രാത്രി 8.30ന്,കോമഡി ഉത്സവരാവ് 9.30ന്