അരൂർ: എഴുപുന്ന നീണ്ടകര ഭാഗത്ത് വളർത്തു നായ്ക്കളെ വെട്ടിക്കൊന്ന സംഭവത്തിനു പിന്നിൽ കഞ്ചാവ് മാഫിയയെന്നു സൂചന. മൂന്നു ദിവസത്തിനിടെ അഞ്ചു വീടുകളിലെ അഞ്ചു നായ്ക്കളാണ് അജ്ഞാതരുടെ വാളിനിരയായത്.

നീണ്ടകര കാരുവള്ളിൽ ജോയിയുടെ അൾസേഷ്യൻ നായയാണു ആദ്യം വേട്ടേറ്റു ചത്തത്. അന്ന് വെട്ടേറ്റ, പരിസരത്തുള്ള മറ്റ് 4 വീടുകളിലെയും നായ്ക്കളും പിന്നീട് ചത്തു. കണ്ണ് കുത്തിക്കീറുകയും തലയ്ക്ക് വെട്ടുകയുമാണ് രീതി. ആദ്യം വീടുകളുടെ ജനാലകളിൽ ഇടിക്കുകയും കല്ലെറിയുകയും ചെയ്ത ശേഷമാണ് നായ്ക്കളെ വെട്ടി അക്രമികൾ ഇരുട്ടിൽ മറയുന്നത്. നാട്ടുകാർ സംഘടിച്ച് രാത്രിയിൽ പരിശോധന നടത്തുന്നതിനിടെ രണ്ട് തവണ അക്രമിയെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. മനോരോഗികളാണോ സംഭവത്തിനു പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.