കറ്റാനം: കറ്റാനത്തെ ജ്വല്ലറികളിൽ മോഷണം നടത്തിയ സഹോദരിമാർ അറസ്റ്റിൽ. കറ്റാനം അപൂർവ്വ, കിളിയിലേത്ത്, വിശ്വനാഥ ജ്വല്ലറികളിൽ മോഷണം നടത്തിയ കേസിൽ നൂറനാട് മുതുകാട്ടുകര സ്വദേശിനികളായ രാജശ്രീ, വിജയശ്രീ എന്നിവരാണ് അറസ്റ്റിലായത്.

അപൂർവ്വ ജ്വല്ലറിയിൽ വെള്ളിയാഴ്ച വൈകിട്ട് 5 ന് എത്തിയ ഇവർ മോതിരത്തിന്റെ കളക്ഷൻ ബോക്സ്‌ കാണിക്കാൻ പറഞ്ഞു. ഈ സമയം ഒരു ജീവനക്കാരി മാത്രമാണ് ഉണ്ടായിരുന്നത്. മോതിരം നോക്കുന്നതിടെ 3 ഗ്രാമിന്റെ ഒരു മോതിരം മോഷ്ടിക്കുകയും അതേ രൂപത്തിലുള്ള മറ്റൊന്ന് ബോക്സിൽ വയ്ക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരി മോതിരം തിരികെ വയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ കൈ തട്ടി മാറ്റി സ്ത്രീകൾ കടന്നു. നാട്ടുകാർ പിന്തുടർന്ന് ഇവരെ പിടികൂടുകയായിരുന്നു. കുറത്തികാട് പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴാണ് മറ്റു രണ്ടു ജ്വല്ലറികളിലും ഇവർ നടത്തിയ മോഷണം വ്യക്തമായത്. വിശ്വനാഥ ജ്വല്ലറിയിൽ നിന്ന് 2019 ആഗസ്റ്റ് 18ന് 4.5 ഗ്രാമിന്റെ കമ്മലും കിളിയിലേത്ത് ജ്വല്ലറിയിൽ നിന്ന് 3 ഗ്രാമിന്റെ മോതിരവുമാണ് മോഷ്ടിച്ചത്.