ചേർത്തല: പട്ടും താലിയും ചാർത്തി. സർവ്വാഭരണ വിഭൂഷിതയായ കണിച്ചുകുളങ്ങര അമ്മയെ ദർശിച്ച് പതിനായിരങ്ങൾ സായൂജ്യമടഞ്ഞു.
താലിചാർത്ത് ദിനമായ ഇന്നലെ രാവിലെ മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തർ കണിച്ചുകുളങ്ങരയിലേക്ക് ഒഴുകിയെത്തി . ചിക്കര വഴിപാടിനായെത്തിയ 5000ത്തോളം വരുന്ന ചിക്കരക്കുട്ടികളും അണിഞ്ഞൊരുങ്ങിയാണ് എത്തിയത്.
കുട്ടികൾക്ക് കളിപ്പാട്ടങ്ങളും മറ്റുമായി ബന്ധുക്കളും എത്തിയതോടെ ക്ഷേത്ര പരിസരമാകെ ജന നിബിഡമായി.രാവിലെ പൂജകൾക്ക് ശേഷം നിലവറ തുറന്ന് ആഭരണങ്ങളും ആയുധങ്ങളും പുറത്തെടുത്ത് മിനുക്കാനായി ക്ഷേത്ര അവകാശികളായ തട്ടാനെയും കൊല്ലപ്പണിക്കാരനെയും ഏല്പിച്ചു. മംഗലക്കാട്ട് അശോകന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിനു മുന്നിൽ വലിയ പന്തലിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ ശാന്തി,വെളിച്ചപ്പാട്, ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ,ഭാര്യ പ്രീതി നടേശൻ മറ്റ് ദേവസ്വം ഭാരവാഹികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മിനുക്കിയ ശേഷം ആഭരണങ്ങൾ പ്രത്യേക പൂജകൾക്ക് ശേഷം തിരുവാഭരണ ഘോഷയാത്രയായി മേൽശാന്തിയെ ഏൽപ്പിച്ച് പൂജകൾ ആരംഭിച്ചു.
ഈ സമയം ചുറ്റമ്പലത്തിന് പുറത്ത് കുംഭ ചൂടിനെ ചൂടിനെ അവഗണിച്ച് പതിനായിരക്കണക്കിന് ഭക്തർ അമ്മേ നാരായണ... ദേവീ നാരായണ മന്ത്രോച്ചാരണത്തോടെ ദർശനത്തിനായി കാത്തു നിൽക്കുകയായിരുന്നു. പൂജയ്ക്ക് ശേഷം 12ന് നട തുറന്നു. ഭക്തർക്ക് സൗകര്യ പ്രദമായി നിന്ന് തൊഴാനായി ചുറ്റമ്പലത്തിന് പുറത്ത് അഴികൾ കെട്ടി പ്രത്യേകം ക്യൂവിലൂടെയാണ് അകത്തേക്കു കയറ്റി വിട്ടത്. ദേവസ്വം നിയോഗിച്ച വാളണ്ടിയർമാരും പൊലീസും തിരക്ക് ഒഴിവാക്കാൻ നന്നേ പരിശ്രമിച്ചു. ക്ഷേത്രത്തിന്റെ നാലു ദിക്കിലും വിവിധ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്തു. ഊണ്,കഞ്ഞി.പായസം,സംഭാരം,കുടിവെള്ളം എന്നിവ കടുത്ത ചൂടിൽ വിശപ്പും ദാഹവും അകറ്റാൻ ഭക്തർക്ക് അനുഗ്രഹമായി.ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ,സെക്രട്ടറി പി.കെ.ധനേശൻ പൊഴിക്കൽ,ജോയിന്റ് സെക്രട്ടറി വി.കെ.മോഹനദാസ്, ട്രഷറർ കെ.കെ.മഹേശൻ, സ്‌കൂൾ മാനേജർ ഡി.രാധാകൃഷ്ണൻ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.താലിചാർത്ത് ദിനത്തിൽ ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ കളഭാഭിഷേകവും പുഷ്പാഭിഷേകവും വഴിപാടായി ദേവിക്ക് സമർപ്പിച്ചു.
കണിച്ചുകുളങ്ങരയിൽ ഇന്ന്
ദീപാരാധന,വിളക്ക് വൈകിട്ട് 6.30ന്,സംഗീതസദസ് 7ന്,ഡാൻസ് രാത്രി 8.30ന്