ആലപ്പുഴ: ന്യൂതന സാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്‌സ്, ഹോം ഓട്ടോമേഷൻ, 3 ഡി ക്യാരക്ടർ മോഡലിംഗ് തുടങ്ങിയവ സ്‌കൂൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന ദ്വിദിന ലിറ്റിൽ കൈറ്റ്‌സ് ജില്ലാ സഹവാസ ക്യാമ്പിന് തുടക്കമായി. സബ് ജില്ലാ ക്യാമ്പുകളിൽ പങ്കെടുത്ത1045 പേരിൽ നിന്നു തിരഞ്ഞെടുത്ത 80 പേരാണ് ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ നടപ്പാക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പ് ഇന്ന് അവസാനിക്കും.

സംസ്ഥാനത്തെ 14 ജില്ലാക്യാമ്പുകളിലെയും അംഗങ്ങളോട് കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിച്ച് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ ഇന്ന് രാവിലെ 11മുതൽ ജനപ്രതിനിധികൾക്കും വിദ്യാഭ്യാസ ഓഫീസർമാർക്കും കുട്ടികളോട് സംവദിക്കാൻ അവസരമൊരുക്കിയിട്ടുണ്ടെന്നും പരിശീലനത്തിലൂടെ കുട്ടികൾ തയ്യാറാക്കിയ ഉപകരണങ്ങളുടെ പ്രദർശനം ഉണ്ടായിരിക്കുമെന്നും ജില്ലാ കോ ഓർഡിനേറ്റർ ഋഷിനടരാജൻ അറിയിച്ചു. ക്യാമ്പിൽ നിന്ന് തിരഞ്ഞെടുത്തവരെ ഉൾപ്പെടുത്തിയുള്ള സംസ്ഥാന ക്യാമ്പ് പിന്നീട് നടക്കും.