അറവു മാലിന്യങ്ങളുൾപ്പെടെ തള്ളുന്നു
തുറവൂർ : ചാവടി ചന്ത -- പളളിത്തോട് റോഡിന്റെ ഇരു ഭാഗങ്ങളിലെയും പൊഴിച്ചാലുകളിൽ വൻതോതിൽ അറവു മാലിന്യങ്ങളും അടുക്കള മാലിന്യങ്ങളും തള്ളുന്നതിനെത്തുടർന്ന് ജനം ദുരിതത്തിൽ. മൂക്ക് പൊത്താതെ ഇതുവഴി യാത്ര ചെയ്യാൻ കഴിയാത്ത ഗതികേടിലാണ് നാട്ടുകാർ. മാലിന്യങ്ങൾക്കൊപ്പം നിരോധിത പ്ളാസ്റ്റിക്കും ഇവിടെ രാത്രിയുടെ മറവിൽ വൻതോതിൽ തള്ളുന്നുണ്ട്.
പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമാക്കിയാണ് മാലിന്യം റോഡരികിലും തോടുകളിലും തള്ളുന്നത്. ഏക്കറുകണക്കിന് വരുന്ന തുറവുർ കരിനിലങ്ങളുടെ മദ്ധ്യത്തിലൂടെ കടന്നുപോകുന്ന തീരദേശത്തെ പ്രധാന പാതയാണിത്. അറവു മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവ് നായ്ക്കളുടെ ശല്യം കാരണം ഇരുചക്രവാഹന യാത്രികരും കാൽനടയാത്രക്കാരും ഭീതിയോടെയാണ് റോഡിലുടെ സഞ്ചരിക്കുന്നത്. പൊഴിച്ചാലുകളിൽ തള്ളുന്ന ഇറച്ചി മാലിന്യങ്ങൾ ചീഞ്ഞഴുകി വെള്ളത്തിൽ പൊങ്ങി കിടക്കുന്നത് കാക്ക ഉൾപ്പടെയുള്ള പക്ഷികൾ കൊത്തി വലിച്ചു വീട്ടുമുറ്റത്തെ കുടിവെള്ള സ്രോതസുകളിൽ കൊണ്ടിടുന്നത് പ്രദേശവാസികളുടെ ദുരിതം ഇരട്ടിപ്പിക്കുന്നു. മാലിന്യ നിക്ഷേപം തടയാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും നിരവധി തവണ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ പഞ്ചായത്ത് തീരുമാനിച്ചെങ്കിലും ഇതിന്റെ കരാറെടുക്കാൻ ആരും മുന്നോട്ടുവരാത്തതും തിരിച്ചടിയായി. വഴിവിളക്കുകൾ സ്ഥാപിക്കാത്തതു മൂലം രാത്രിയിൽ വിജനമായ റോഡിലെ കൂരിരുട്ട് മറയാക്കിയാണ് വാഹനങ്ങളിൽ കൊണ്ടു വന്ന് മാലിന്യം തള്ളുന്നത്.
മീനുകളും ഓടിമറഞ്ഞു
മാലിന്യങ്ങൾ പതിവായി തള്ളിയതിനെത്തുടർന്ന് പൊഴിച്ചാലുകളിലെ ജലത്തിന് കറുത്തനിറമായി.മത്സ്യസമ്പത്തും വൻതോതിൽ കുറഞ്ഞു. പൊഴിച്ചാലുകളിൽ മത്സ്യ ബന്ധനം നടത്തി കുടുംബം പുലർത്തിയിരുന്നവർക്ക് ഇത് തിരിച്ചടിയായി. വെള്ളത്തിലിറങ്ങിയാൽ ശരീരമാകെ ചൊറിഞ്ഞു തടിക്കുമെന്ന് ഇവർ പറയുന്നു . കരിനിലങ്ങൾ നെൽകൃഷിയില്ലാതെ മാലിന്യകേന്ദ്രങ്ങളാകുന്നതിനെതിരെ നാട്ടുകാരും പ്രതിഷേധത്തിലാണ്.
മാലിന്യ നിക്ഷേപം തടയാൻ
1. റോഡിൽ വഴിവിളക്കുകൾ സ്ഥാപിക്കണം
2.മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ കാമറ വേണം
3.രാത്രികാലങ്ങളിൽ പൊലീസ് പട്രോളിംഗ്
4. ബോധവത്കരണ പരിപാടികൾ
'' പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് നല്ല പ്രവണതയല്ല. മാലിന്യ നിക്ഷേപം തടയുന്നതിന് സി.സി ടിവി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒന്നര ലക്ഷം രൂപ ഫണ്ട് മാറ്റി വച്ചതാണ്. ഇതിനായി കരാർ ക്ഷണിച്ചെങ്കിലും ആരും മുന്നോട്ട് വന്നിട്ടില്ല. അടുത്ത സാമ്പത്തിക വർഷം കാമറ സ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ
പ്രേമ രാജപ്പൻ, പ്രസിഡൻറ്, കുത്തിയതോട് പഞ്ചായത്ത്.