 കൃഷിക്ക് ഉപയോഗിക്കാനാവാത്ത വിധം ഉപ്പുകലരുന്നു

അമ്പലപ്പുഴ: ജലാശയങ്ങളിൽ ഉപ്പിന്റെ അളവു കൂടിയതോടെ തകഴി, കരുമാടി, പുറക്കാട്, അമ്പലപ്പുഴ, പുന്നപ്ര മേഖലകളിലെ കർഷകർ ഭീതിയിലായി. കഴിഞ്ഞ ദിവസം പുന്നപ്ര നാലുപാടം പാടശേഖരത്തിന്റെ ആറ്റുതീരത്ത് നടത്തിയ പരിശോധനയിൽ ഉപ്പിന്റെ അളവ് ടി.എസ്.എസ് (ടോട്ടൽ സസ്പെൻഡഡ് സോളിഡ്സ്) 1.8 ആയിരുന്നു. ഇത് രണ്ടിൽ എത്തിയാൽ പിന്നെ ആ ജലം കൃഷിക്ക് ഉപയോഗിക്കാനാവില്ല.

യഥാസമയം ഓരുമുട്ടുകൾ സ്ഥാപിക്കാത്ത അധികൃതരുടെ അനാസ്ഥയാണ് ഉപ്പിന്റെ അളവ് കൂടാൻ കാരണമെന്ന് കർഷകർ പറയുന്നു. ആറുകളിലും തോടുകളിലും വേലിയേറ്റവും ഇറക്കവും അനുഭവപ്പെടുന്നുണ്ട്. പമ്പ ഡാം തുറന്ന് ജലാശയങ്ങളിലെ നീരൊഴുക്ക് വർദ്ധിപ്പിച്ചാൽ ഉപ്പിന്റെ അളവ് കുറയ്ക്കാൻ കഴിയുമെന്നാണ് കർഷകർ പറയുന്നത്. ഇല്ലെങ്കിൽ 60 ഉം 70 ഉം ദിവസം പ്രായമായ നെൽച്ചെടികൾ നശിക്കുമെന്നുറപ്പാണ്. കർഷകർക്ക് വലിയ നഷ്ടവുമുണ്ടാവും. കഴിഞ്ഞ രണ്ടാം കൃഷിയിലെ നെല്ലിന്റെ പണം ഇതുവരെ ലഭിക്കാത്തതിനെ തുടർന്ന് പണയം വച്ചും പലിശയ്ക്കെടുത്തുമാണ് ഭൂരിപക്ഷം കർഷകരും കൃഷിയിറക്കിയിരിക്കുന്നത്.

50 ഏക്കറോളം വരുന്ന വെട്ടിക്കരി പാടശേഖരത്തിലെയും 450 ഏക്കറോളം വരുന്ന നല്ല പാടത്തേയും 60-70 ദിവസം പ്രായമായ നെൽച്ചെടികൾക്ക് ഭീഷണിയായി പമ്പയാറ്റിൽ ഉപ്പിന്റെ അംശം ക്രമാതീതമായി ഉയരുകയാണ്

..........................................

 നാലുപാടം പാടശേഖരത്തിലെ ആറ്റുതീരത്ത് ഉപ്പിന്റെ അളവ് ടി.എസ്.എസ് 1.8

 ഇത് രണ്ടിൽ കൂടിയാൽ കൃഷി നശിക്കുമെന്നുറപ്പ്

 പമ്പ ഡാം തുറന്നുവിടാൻ ഉന്നതതല തീരുമാനം അനിവാര്യം

 വരൾച്ചയുടെ പശ്ചാത്തലത്തിൽ ഡാം തുറക്കാനുള്ള സാദ്ധ്യത വിരളം

..............................

'ആറ്റിലെ വെള്ളത്തിൽ ലവണാംശം കൂടി നിന്നാൽ ഈ കൃഷി പരാജയപ്പെടും. ഞങ്ങൾ വലിയ ബാദ്ധ്യതക്കാരാവും. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണം'

(കർഷകർ)