ആലപ്പുഴ: കുട്ടനാട് മിനി സിവിൽ സ്റ്റേഷനിൽ എടി.എം കൗണ്ടർ സ്ഥാപിക്കാൻ ലീഡ് ബാങ്കിന് കളക്ടർ എം.അഞ്ജന നിർദ്ദേശം നൽകി. കുട്ടനാട്ടിൽ നടന്ന പരാതി പരിഹാര അദാലത്തിൽ ചമ്പക്കുളം വാരിക്കാട് ജോപ്പൻ ജോയി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.
ദിവസവും ആയിരത്തോളം ആളുകൾ എത്തുന്ന മിനി സിവിൽ സ്റ്റേഷനോടു ചേർന്ന് എ.ടി.എം കൗണ്ടർ ഇല്ലാത്തത് വല്ലാത്ത ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. പൊതുജന താത്പര്യാർത്ഥമാണ് പരാതിയുടെ അടിസ്ഥാനത്തിൽ കളക്ടർ നിർദ്ദേശം നൽകിയത്. സ്വന്തമായി വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ നിരവധി അപേക്ഷകൾ നൽകിയിട്ടും സാങ്കേതിക കാരണങ്ങളാൽ തള്ളിപ്പോയവരും കളക്ടർക്ക് മുന്നിൽ പരാതിയുമായി എത്തിയിരുന്നു. വിവിധ വകുപ്പുകളെ സംബന്ധിച്ച് നിരവധി പരാതികളാണ് ലഭിച്ചത്. അദാലത്തിൽ പങ്കെടുക്കുന്നവർക്ക് അപേക്ഷ നൽകാനായി വിവിധ കൗണ്ടറുകളും ഏർപ്പെടുത്തിയിരുന്നു. വിവിധ വകുപ്പ് മേധാവികൾ, താലൂക്ക് തല ഉദ്യോഗസ്ഥർ എന്നിവർ അദാലത്തിൽ പങ്കെടുത്തു.