അമ്പലപ്പുഴ: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി തകഴി കടവിൽ അഞ്ചു ലക്ഷത്തോളം രൂപയുടെ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയിൽ ഉൾനാടൻ ജലാശയങ്ങളിൽ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യമാണുള്ളത്. പമ്പയാറിന്റെ കൈവഴിയായ തകഴി കടവിൽ ആറ്റു കൊഞ്ച്,രൂഹു,ഗ്രാസ് കാർപ്പ് തുടങ്ങി സർക്കാർ ഹാച്ചറിയിൽ ഉത്പാദിപ്പിക്കപ്പെട്ട വിവിധയിനം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. തകഴി കടവിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.ആർ.കണ്ണൻ, ബിനു, തകഴി പഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷിബു, ബ്ലോക്ക് പഞ്ചായത്തംഗം പ്രകാശൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.വാസുദേവൻ, ഗോപാലകൃഷ്‌ണൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും പങ്കെടുത്തു.