രക്ഷപ്പെടാൻ പ്രതി കടലിൽ ചാടി
അമ്പലപ്പുഴ: വിശപ്പ് സഹിക്കാനാവാതെ കരഞ്ഞത് ഇഷ്ടപ്പെടാതിരുന്ന രണ്ടാനച്ഛൻ, അമ്മ കണ്ടുനിൽക്കെ നടത്തിയ ക്രൂര മർദ്ദനത്തിനൊടുവിൽ ജനനേന്ദ്രിയം ഉൾപ്പെടെ ശരീരമാസകലം ചതഞ്ഞ നിലയിൽ മൂന്നു വയസുകാരനെ ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പ്രദേശവാസികളിൽ നിന്ന് രക്ഷപ്പെടാൻ കടലിൽ ചാടിയ രണ്ടാനച്ഛനെ തിരികെ കരയ്ക്കെത്തിച്ച് തടഞ്ഞുവച്ച ശേഷം നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു.
അമ്പലപ്പുഴ വടക്കു പഞ്ചായത്ത് 13-ാം വാർഡ് പുതുവലിൽ വൈശാഖ് (31) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ എട്ടുമണിയോടെ, കുഞ്ഞ് വിശന്നു കരഞ്ഞപ്പോൾ വൈശാഖ് പൊതിരെ തല്ലി. വിവസ്ത്രനായി പ്രാണരക്ഷാർത്ഥം കുഞ്ഞ് വീടിനു പുറത്തേക്ക് ഓടുന്നത് സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ആദ്യം കണ്ടത്. വിവരമറിഞ്ഞ് പഞ്ചായത്തംഗം സനിലിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ സംഘടിച്ചെത്തി. ഇതിനിടെയാണ് മത്സ്യത്തൊഴിലാളിയായ വൈശാഖ് കടലിൽ ചാടിയത്.
കൈ കൊണ്ടും പലക കൊണ്ടുമാണ് കുട്ടിയെ തല്ലിയത്. കണ്ണിനു ചുറ്റും നീലിച്ച പാടുകളുണ്ട്. ജനനേന്ദ്രിയം നീരു വച്ച നിലയിലായിരുന്നു. മുഖത്തും പാടുകളുള്ള കുട്ടിക്ക് നടക്കാനും ബുദ്ധിമുട്ടുണ്ട്. നാട്ടുകാർ ചേർന്നാണ് ഇന്നലെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ശിശുരോഗ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി. എന്തിനാണ് ഇങ്ങനെ മർദ്ദിച്ചതെന്ന ചോദ്യത്തിന് അമ്മയ്ക്ക് വ്യക്തമായ ഉത്തരമില്ല. അനുസരണക്കേട് കാണിച്ചതിനാണ് അടിച്ചതെന്ന് മാത്രമാണ് കരച്ചിലിനിടെ അമ്മ നാട്ടുകാരോടു പറഞ്ഞത്. അടിക്കരുതെന്ന് താൻ അപേക്ഷിച്ചെങ്കിലും അത് കേൾക്കാതെയായിരുന്നു മർദ്ദനമെന്നും അമ്മ പറഞ്ഞു.
ആദ്യ രണ്ടു വിവാഹ ബന്ധങ്ങൾ ഒഴിഞ്ഞ ശേഷമാണ് വൈശാഖിനൊപ്പം കുട്ടിയുടെ അമ്മ മൂന്നു മാസം മുമ്പ് താമസം തുടങ്ങിയത്. രണ്ടാം വിവാഹത്തിലെ കുട്ടിയാണ് മർദ്ദനത്തിന് ഇരയായത്. വൈശാഖിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. അമിത മദ്യപാനിയായ ഇയാൾ ഇവരുമായി അകന്നു കഴിയുകയായിരുന്നു. നാട്ടുകാരുടെ മർദ്ദനമേറ്റ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊലപാതക ശ്രമത്തിനാണ് രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കേസെടുത്തതെന്ന് അമ്പലപ്പുഴ സി.ഐ ടി. മനോജ് പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുക്കും. ചൈൽഡ് ലൈൻ പ്രവർത്തകർ ഇന്നലെ ആശുപത്രിയിലെത്തി കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു.