ആലപ്പുഴ: സുരക്ഷാ സംവിധാനത്തിന്റെ മറവിൽ പൊലീസിനെയും കെൽട്രോണിനേയും ദുരുപയോഗം ചെയ്തുകൊണ്ട് സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ സ്വകാര്യ കമ്പനിക്ക് അനുവാദം നൽകിയതിന് പിന്നിൽ വൻ ക്രമക്കേട് ഉള്ളതായി ആൾ കൈൻഡ്സ് ഒഫ് ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം ആൻഡ് ഇന്റഗ്രജെഴ്സ് അസോസിയേഷൻ (അക്കേഷ്യ) ജില്ലാ പ്രസിഡന്റ് ആർ.സുരേഷ് കുമാർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിൽ ഈ കമ്പനിക്കായി കൺട്രോൾ റൂം തുടങ്ങുന്നതിന് അനുമതി നൽകിയതിന് പിന്നിലും ദുരൂഹതയുണ്ട്. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള കമ്പനികൾക്കു മാത്രമേ കാമറകൾ സ്ഥാപിക്കാൻ അനുമതി നൽകാനാവൂ. എന്നാൽ ഒരു വർഷം മാത്രം പ്രവൃത്തി പരിചയമുള്ള കമ്പനിക്കാണ് അനുമതി നൽകിയത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും നൽകിയ പരാതിയിൽ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും സുരേഷ് കുമാർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സെക്രട്ടറി ജെറിൻ ജി.വർഗീസ്, ട്രഷറർ ആർ.ഷാജി, വൈസ് പ്രസിഡന്റ് യു. അരുൺകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി വിനീത് എന്നിവരും പങ്കെടുത്തു.