ചാരുംമൂട്: നൂറനാട് മുതുകാട്ടുകര ശ്രീ ഭഗവതി ക്ഷേത്രത്തിലെ കുംഭ സംക്രമ ചുട്ടുകമ്പം ദർശിക്കാൻ ആയിരങ്ങളെത്തി. ഓണാട്ടുകരയിൽ മറ്റെങ്ങുമില്ലാത്ത കുംഭ സംക്രമ ചൂട്ടുകമ്പം പതിറ്റാണ്ടുകൾക്കു മുമ്പു മുതൽ ക്ഷേത്രത്തിൽ തുടരുന്ന ചടങ്ങാണ്.
ആനയും, കൊടിമരവും, പൊങ്കാലയും ഇവിടെയില്ല. കളരി സങ്കല്പത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഭദ്രകാളിയും, പടിഞ്ഞാറോട്ട് ദർശനം നൽകുന്ന വന ദുർഗ്ഗാഭഗവതിയുമാണ് പ്രധാന പ്രതിഷ്ഠകൾ. മകരസംക്രമം അമ്മയുടെ തിരുനാൾ ഉത്സവമായി ആഘോഷിക്കുന്നു. ഭക്തജനങ്ങളുടെ നേർച്ചയായിട്ടാണ് ചൂട്ടുകമ്പം അണിയിച്ചൊരുക്കുന്നത്. വിളഞ്ഞ് പാകമായ കവുങ്ങ് വെട്ടിയെടുത്ത് കവുങ്ങിന്റെ തന്നെ ഓലകളിൽ പൊതിഞ്ഞ് ക്ഷേത്ര മൈതാനിയിൽ നാട്ടുന്നതാണ് ആദ്യ ചടങ്ങ്.
ദേവിയുടെ പുറത്തേക്കുള്ള എഴുന്നള്ളത്ത് കിഴക്ക് ആൽത്തറ സന്ദർശിച്ച ശേഷം തിരിച്ച് എഴുന്നള്ളുമ്പോഴാണ് ചൂട്ടു കമ്പങ്ങളെ അനുഗ്രഹിക്കുന്നത്. ക്ഷേത്രപടി താണ്ടി സേവ പന്തലിൽ കിഴക്കോട്ട് അഭിമുഖമായി ജീവതയിൽ ദർശനം നൽകുന്ന അമ്മയുടെ സാന്നിദ്ധ്യത്തിലാണ് കമ്പങ്ങൾക്ക് അഗ്നി പകരുന്നത്. തിന്മയുടെ കാലത്തെ അഗ്നിയിൽ ഹോമിച്ച് നന്മയുടെ കാലം നാടിനും വിശ്വാസികൾക്കും നൽകി അമ്മ കാത്തുരക്ഷിക്കുന്നു എന്ന വിശ്വാസമാണ് കുംഭ സംക്രമ ചൂട്ടു കമ്പത്തിന്റെ ഐതിഹ്യം.