വള്ളികുന്നം: ശ്രീനാരായണ ഗുരുദേവൻ ഈശ്വരീയതയുടെ മർത്ത്യാകാരമാണെന്ന് ശിവഗിരി മഠം ധ്യാനാചാര്യനും ചാലക്കുടി ഗായത്രി ആശ്രമം മഠാധിപതിയുമായ സച്ചിതാനന്ദ സ്വാമി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയനു കീഴിലുള്ള വള്ളികുന്നം കാരാഴ്മ ശാഖാ യോഗത്തിൽ മൂന്നു ദിവസമായി നടക്കുന്ന ദിവ്യ പ്രബോധന ധ്യാന യജ്ഞത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോക ഗുരുക്കൻമാരായി അറിയപ്പെടുന്ന ശ്രീകൃഷ്ണനും ശ്രീരാമനും യേശു ക്രിസ്തുവും മുഹമ്മദ് നബിയും ശ്രീശങ്കരാചാര്യരുമെല്ലാം മനുഷ്യരായി ജനിച്ച് ഈശ്വര സ്വരൂപങ്ങളായി പ്രകാശിച്ചവരാണ്. ആ പരമ്പരയിൽ ആധുനിക ഭാരതം ലോകത്തിന് സംഭാവന ചെയ്ത ശ്രീ നാരായണ ഗുരുവും മനുഷ്യനായി ജനിച്ച് സ്വതപസിലൂടെ ഈശ്വരീയതയുടെ മൂർത്ത രൂപമാർജ്ജിച്ച മഹാഗുരുവാണ്. ഈശ്വര സാക്ഷാത്കാരം നേടിയ ഒരു ഗുരുവിനെ ദൈവമായി കാണണമെന്ന് ശ്രീശങ്കരൻ മനിഷീ പഞ്ചകം എന്ന കൃതിയിൽ പറയുന്നുണ്ട്. ഗുരുവിന്റെ കൃതികളും തത്വദർശനവും അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ പാഠ്യവിഷയമായത് സാമൂഹിക ചിന്തകൻ എന്ന നിലയിലല്ല, മറിച്ച് ലോകത്തെ ഒന്നായി കണ്ട ഏക ലോക വ്യവസ്ഥിതിയുടെ മഹാപ്രവാചകനായ വിശ്വഗുരു എന്ന നിലയിലാണ്. ഗുരുവിന്റെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന വിശ്വ സന്ദേശത്തിന്റെ ശതാബ്ദി 2021ൽ ആഘോഷിക്കുകയാണ്. വിശ്വഗുരുവിനെ കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളുടെ തലത്തിൽ വിലയിരുത്തുന്ന മഹാപാപത്തിൽ നിന്ന് നാം വിമുക്തരാകണമെന്നും അദ്ദേഹം പറഞ്ഞു.
ദിവ്യ പ്രബോധന ധ്യാന യജ്ഞം ഇന്നു വൈകിട്ട് 4.30ന് മഹാ പ്രസാദ വിതരണത്തോടെ സമാപിക്കുമെന്ന് ശാഖായോഗം ഭാരവാഹികൾ പറഞ്ഞു.