കായംകുളം : കഞ്ചാവ് അന്വേഷണത്തിനായി എത്തിയ പൊലീസിനെ 4 അംഗ സംഘം അക്രമിച്ചു. ഒരു പൊലീസുകാരന് പരിക്കേറ്റു. അക്രമികളിൽ ഒരാളെ പൊലീസ് പിടികൂടി. ബാക്കി ഉള്ളവർ ഓടി രക്ഷപ്പെട്ടു. കായംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഷാഫിക്കാണ് പരിക്കേറ്റത്. എരുവ കടയിൽ ഇർഫാൻ (18) നെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ മുഹ്യിദീൻ പള്ളിക്ക് സമീപമായിരുന്നു സംഭവം. ഈ ഭാഗത്ത് കഞ്ചാവ് വിൽപന ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നെത്തിയ പൊലീസ് സംഘത്തിന് നേർക്ക് നാലംഗ സംഘം കുരുമുളക് സ്പ്രേ ചെയ്യുകയും ആക്രമിക്കുകയുമായിരുന്നു. ഇതിനിടയിൽ താഴെ വീണാണ് ഷാഫിക്ക് പരുക്കേറ്റത്. ഷാഫി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കായംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.