മാവേലിക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി നാടുവിടാൻ ശ്രമിക്കുന്നതിനിടെ വർക്കല സ്വദേശി അബ്ദുള്ളയെ (26) മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെ വർക്കലയിലെ ഒരു ലോഡ്ജിലാണ് ഇരുവരെയും കണ്ടെത്തിയത്. അബ്ദുള്ളയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
കഴിഞ്ഞ 13നാണ് പെൺകുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ 14ന് രാവിലെ മാവേലിക്കര സ്റ്റേഷനിൽ പരാതി കൊടുത്തു. തുടർന്ന് പൊലീസ് നടത്തിയ ഊർജ്ജിത അന്വേഷണത്തിലാണ് ഇരുവരെയും വർക്കലയിൽ നിന്നു കണ്ടെത്തിയത്. ഗൾഫിൽ ജോലിയുള്ള പ്രതി മുമ്പ് മറ്റൊരു കേസിൽ ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്ന് അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. മാവേലിക്കര എസ്.ഐ സാബു ജോർജിന്റെ നിർദ്ദേശത്തെ തുടർന്ന് പ്രൊബേഷൻ എസ്.ഐ പി.എം. പ്രിയ, സിവിൽ പൊലീസ് ഓഫീസർ ഗിരീഷ് ലാൽ, ഷൈൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.