മാവേലിക്കര: മികച്ച പ്രവർത്തനം കാഴ്ചവെച്ച പഞ്ചായത്തുകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന സ്വരാജ് ട്രോഫിക്ക് മാവേലിക്കര തെക്കേക്കര ഗ്രാമ പഞ്ചായത്തും അർഹമായി. രണ്ടാം സ്ഥാനമാണ് പഞ്ചായത്തിന് ലഭിച്ചത്.
2018 -19 വർഷത്തിലെ പദ്ധതി പ്രവർത്തനത്തിലും പദ്ധതിയേതര പ്രവർത്തനത്തിലും വിഭവസമാഹരണത്തിലും മികച്ച പ്രവർത്തനം കാഴ്ചവെച്ചതാണ് പഞ്ചായത്തിനെ അവാർഡിന് അർഹമാക്കിയത്. കൃത്യമായ ആസൂത്രണത്തിലൂടെ സർക്കാർ നിർദ്ദേശത്തിനനുസൃതമായി അധികാര വികേന്ദ്രീകരണം സാദ്ധ്യമാക്കിയാണ് പദ്ധതി പ്രവർത്തനത്തിൽ നൂറ് ശതമാനം തുകയും ചെലവഴിച്ചത്. പദ്ധതി വിഹിതമായി 7.73 കോടി രൂപയാണ് ഇക്കാലയളവിൽ പഞ്ചായത്ത് ചെലവഴിച്ചത്.
സ്മാർട് അങ്കണവാടികളും സ്മാർട് ക്ലാസ് റൂമുകളും ഒരുക്കി വിദ്യാഭ്യാസ മേഖലയിലും മികച്ച പ്രവർത്തനം കാഴ്ചവെക്കുവാൻ ഷൈല ലക്ഷ്മണിന്റെ നേതൃത്വത്തിലുളള പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞു. ജില്ലയിലെ മികച്ച സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എ.കെ.സിനിയുടെ നേതൃത്വത്തിലുളള പഞ്ചായത്ത് ജീവനക്കാരും മികവിന് പിന്നിലെ ഘടകങ്ങളായി.