അരൂർ:അരൂക്കുറ്റി പാദുവാപുരം സെന്റ് ആന്റണീസ് പള്ളിയിൽ മധ്യസ്ഥത്തിരുനാളിനോടനുബന്ധിച്ചു വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള കായൽ പ്രദക്ഷിണത്തിനായി കൈതപ്പുഴ കായലിൽ പൊൻകുരിശ് നാട്ടി.നാനാജാതി മതസ്ഥരായ നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ പാരമ്പര്യമനുസരിച്ച് പുന്നേപ്പള്ളി മാധവൻ രാജന്റെ വസതിയിൽ നിന്ന് ആഘോഷമായി എഴുന്നള്ളിച്ചു കൊണ്ടുവന്നാണ് പൊൻകുരിശ് നടുക്കായലിൽ നാട്ടിയത്.കൃപാസനം ഡയറക്‌ടർ ഡോ.വി പി ജോസഫ്,വികാരി ഫാ ആന്റണി തമ്പി എന്നിവർ ചേർന്ന് കുരിശുനാട്ടൽ നിർവ്വഹിച്ചു. . പ്രധാന തിരുനാൾ ദിനമായ ഇന്ന് കായൽപ്രദക്ഷിണം നടക്കും. രാവിലെ അഞ്ചുമുതൽ രാത്രി 11വരെ മലയാളത്തിന് പുറമെ ഇംഗ്ലീഷ്,ലത്തീൻ,ഇറ്റാലിയൻ,തമിഴ്,ഹിന്ദിഭാഷകളിലും വിവിധ റീത്തുകളിലും തുടർച്ചയായി ദിവ്യബലിയുണ്ടാകും. രാവിലെ 10നു ആഘോഷമായ സമൂഹ തിരുനാൾ കുർബാനയിൽ കൊല്ലം രൂപത എമിരറ്റസ് മെത്രാൻ ഡോ.സ്റ്റാൻലി റോമൻ മുഖ്യ കാർമികത്വം വഹിക്കും.ഡോ.ജോണി സേവ്യർ പുതുക്കാട് വചന സന്ദേശം നൽകും.തുടർന്ന് കായലും കരയും വിശുദ്ധീകരിക്കുന്ന കായൽപ്രദക്ഷിണം.തിരുസ്വരൂപത്തിന് അലങ്കരിച്ച വള്ളങ്ങളും ബോട്ടുകളും ജങ്കാറുകളും അകമ്പടിയാകും.