ആലപ്പുഴ: ദീർഘകാലം ജില്ലയിൽ കോൺഗ്രസിന് ശക്തമായ നേതൃത്വം കൊടുത്ത തച്ചടി പ്രഭാകരനോട് പാർട്ടി നേതൃത്വം അനാദരവ് കാട്ടിയില്ലെന്ന് ഡി.സി.സി നേതൃത്വം വ്യക്തമാക്കി. ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന പദയാത്ര വെള്ളിയാഴ്ച കായകുളം മാവേലിക്കര മേഖലകളിലാണ് പര്യടനം നടത്തിയത്. തച്ചടി പ്രഭാകരന്റെ 20-ാംമത് ചരമവാർഷിക ദിനവും അന്നായിരുന്നു. ഡി.സി.സിയുടെ നേതാക്കൾ പദയാത്രക്കൊപ്പം ഉണ്ടായിരുന്നു. രാവിലെ തച്ചടിയുടെ വസതിയിൽ എത്തി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പദയാത്ര ആരംഭിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു പറഞ്ഞു. പ്രസിഡന്റ് ഉൾപ്പെടെ ജില്ലയിലെ എല്ലാ നേതാക്കളും തച്ചടിയുടെ വസതിയിൽ ഉണ്ടായിരുന്നതിനാൽ അവിടെ അച്ച് തന്നെ അനുസ്മരണം നടത്തിയെന്നും നേതൃത്വം വ്യക്തമാക്കി.