ചേർത്തല: കലാലോകത്തെ സൗഹൃദക്കൂട്ടത്തിന്റെ സഹായമെത്തും മുമ്പേ ജെ.പി ഒരു ദു:ഖ സംഗീതമായി. ഇരു വൃക്കകളും തകരാറിലായതിനെത്തുടർന്ന് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പിനിടെയാണ്, വിവിധ ട്രൂപ്പുകളുടെ സന്തത സഹചാരിയായിരുന്ന തണ്ണീർമുക്കം ഗ്രാപഞ്ചായത്ത് 23-ാം വാർഡ് വാരനാട് പാട്ടുകുളങ്ങരയിൽ ജയപ്രകാശ് (ജെ.പി. ഈണം-54) ഇന്നലെ മരണത്തിനു കീഴടങ്ങിയത്.

ജെ.പിയുടെ ജീവൻ തിരിച്ചുപിടിക്കാൻ കലാ സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്ന കൂട്ടുകാർ ചേർന്ന് ഈണരാവ് -2020 എന്ന പേരിൽ മാർച്ച് ഏഴിന് കലാസന്ധ്യ നടത്താനുള്ള ഒരുക്കത്തിലായിരുന്നു. ഭാര്യ വൃക്ക നൽകാൻ തയ്യാറായപ്പോൾ മ​റ്റു ചെലവുകൾക്കാണ് കലാസന്ധ്യ ആവിഷ്കരിച്ചത്.

രമേഷ് പിഷാരടി,ധർമ്മജൻ ബോൾഗാട്ടി,സുനീഷ് വാരനാട്, വിധു പ്രതാപ്, സുധീപ് കുമാർ

രാജേഷ് ചേർത്തല, ബിജു മല്ലാരി, ബിനു ആനന്ദ് തുടങ്ങിയവർ അണിനിരക്കുന്ന മെഗാഷോയിലൂടെ ലഭിക്കുന്ന തുക ജയപ്രകാശിന്റെ ചികിത്സാ ചെലവുകൾക്ക് നൽകാനായിരുന്നു തീരുമാനം. പക്ഷേ, ഒന്നിനും കാത്തുനിൽക്കാതെ ജെ.പി യാത്രയായി.