ആലപ്പുഴ: കുട്ടനാടിനു വേണ്ടിയുള്ള ആദ്യ പാക്കേജ് പാതിവഴിയിൽ വെള്ളത്തിലായെങ്കിലും സംസ്ഥാന ബഡ്ജറ്റിൽ മന്ത്രി തോമസ് ഐസക് വീണ്ടും ഒരു പാക്കേജ് പ്രഖ്യാപിച്ചതോടെ, തനിയാവർത്തന വിരസത ഉണ്ടാകുമോയെന്ന ആശങ്കയിലാണ് കുട്ടനാട്ടുകാർ. 2018ലെ പ്രളയത്തിന്റെ ആഘാതം കൂടി കണക്കിലെടുത്താണ് കുട്ടനാടിന് 2400 കോടി രൂപയുടെ പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്. ലോകപ്രശസ്ത കൃഷി ശാസ്ത്രജ്ഞനും കുട്ടനാട്ടുകാരനുമായ ഡോ. എം.എസ്. സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം പഠനം നടത്തിയാണ് 2008ൽ 1840 കോടിയുടെ കുട്ടനാട് പാക്കേജ് തയ്യാറാക്കിയത്. പാക്കേജിന് അന്നത്തെ കേന്ദ്രസർക്കാർ അംഗീകാരവും നൽകിയിരുന്നു. അഞ്ചുവർഷം കൊണ്ട് പദ്ധതി പൂർണമായി നടപ്പാകുമ്പോൾ കുട്ടനാടിന്റെ കാർഷിക സമൃദ്ധി കുത്തനെ ഉയരുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ അനുവദിച്ച പണത്തിന്റെ അഞ്ചിലൊന്നാണ് ഇക്കാലയളവിൽ ചെലവഴിച്ചത്. 2014ൽ പാക്കേജിന്റെ കാലാവധിയും അവസാനിച്ചു.
# പഴയ പാക്കേജ് ഇങ്ങനെ
ബണ്ട് നിർമാണമടക്കമുള്ള അടിസ്ഥാന സൗകര്യ വികസനം
എല്ലാ കൃഷിയിടങ്ങളിലും ഇരിപ്പൂ കൃഷി
നെൽകൃഷിക്ക് പുറമെയുള്ള വരുമാന മാർഗങ്ങൾ
വെള്ളപ്പൊക്കം ഒഴിവാക്കാൻ സ്വാഭാവിക സൗകര്യമൊരുക്കൽ
വിനോദസഞ്ചാര മേഖലയുടെ വികസനം.
50 മേഖലകളിലായി 1840 കോടിയുടെ പാക്കേജ്
# പരാജയ കാരണങ്ങൾ
പദ്ധതി തയ്യാറാക്കലിലും നടത്തിപ്പിലും സുതാര്യതയില്ലായ്മ
തദ്ദേശ ജനപ്രതിനിധികൾക്കോ പാടശേഖര സമിതികൾക്കോ പങ്കാളിത്തമില്ല
ഉദ്യോഗസ്ഥരുടെ തന്നിഷ്ട പ്രകാരമുള്ള നടത്തിപ്പ്
പ്രധാന താത്പര്യം കാട്ടിയത് കൽക്കെട്ട് നിർമ്മാണത്തിന്
1840 കോടിയിൽ 1500 കോടിയുടെയും പദ്ധതി ഇറിഗേഷനുമായി ബന്ധപ്പെട്ട്.
# ചെലവഴിച്ച തുക (ബ്രായ്ക്കറ്റിൽ അനുവദിച്ചത്- രണ്ടും കോടിയിൽ)
കൃഷി വകുപ്പ്............56 (200)
ഓണാട്ടുകര നെൽകൃഷി വികസനം...4 (12.1)
നെല്ലുത്പാദനം......3.37 (4.52)
നാളീകേര വികസനം....2.75 (14)
# പുതിയ പാക്കേജ് (തുക കോടിയിൽ)
കുട്ടനാട് കുടിവെള്ള പദ്ധതി: 291
തോട്ടപ്പള്ളി സ്പിൽവേ: 280
ആലപ്പുഴ -ചങ്ങനാശേരി എലിവേറ്റഡ് റോഡ്: 450
പുളിങ്കുന്ന് ആശുപത്രി: 150
കൃഷിക്കും ഉൾനാടൻ മത്സ്യക്കൃഷിക്കും: 750
വെള്ളപ്പൊക്ക നിയന്ത്റണത്തിന് ജലസേചന വകുപ്പിന്: 74
കൃഷി: 20
ഉൾനാടൻ മത്സ്യക്കൃഷിക്കും താറാവ് കൃഷിക്കും: 18