 കനാൽക്കരയിലെ ശില്പങ്ങൾ പൊളിച്ചു നീക്കുന്നു


ആലപ്പുഴ: കനാൽ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ആലപ്പുഴ മെഗാ ടൂറിസം പദ്ധയിൽ ഉൾപ്പെടുത്തി വാടക്കനാൽ, കൊമേഴ്‌സ്യൽ കനാൽ എന്നിവയുടെ കരകളിൽ നിർമ്മിച്ച ശില്പങ്ങൾ പൈതൃക ടൂറിസം പദ്ധതിയുടെ പേരിൽ തച്ചുടയ്ക്കുന്നു. പരിപാലിക്കാൻ ആളില്ലാതെ വന്നപ്പോൾ നാശത്തിലേക്കു നീങ്ങിയ ശില്പങ്ങൾ പൊളിച്ചു നീക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

അഞ്ച് വർഷം മുമ്പാണ് മെഗാ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 3.75 കോടി ചെലവഴിച്ച് കിഡ്കോ മുഖേന ടൂറിസം വകുപ്പ് സന്ദര്യവത്കരണ പദ്ധതി നടപ്പാക്കിയത്. 67 ലക്ഷം രൂപയുടെ ശില്പങ്ങൾ സ്ഥാപിക്കലായിരുന്നു ലക്ഷ്യം. ആലപ്പുഴയുടെ ചരിത്രം, സാംസ്‌കാരം, കലാ-സാഹിത്യ ചരിത്രങ്ങൾ ഉൾപ്പെടുത്തിയ ശില്പങ്ങളുടെ നിർമ്മാണ ചുമതല ആലപ്പുഴ സ്വദേശി അജയൻ വി.കാട്ടുങ്കലിന് നൽകി. രണ്ട് വർഷം കൊണ്ട് സിമന്റിൽ 11ശില്പങ്ങളുടെ നിർമ്മാണം അജയൻ പൂർത്തീകരിച്ചു. ഒപ്പന, വള്ളംകളി, ഓണക്കാലം, കഥകളി ഭാവങ്ങൾ, ഓട്ടൻ തുള്ളൽ, നൃത്തങ്ങൾ, കയറിന്റെയും നെല്ലറയുടെയും ചരിത്രങ്ങൾ എന്നിവ ശില്പരൂപത്തിൽ വിസ്മയ കാഴ്ചകളായി.

പൈതൃക പദ്ധതിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് വാടക്കനാലിന്റെ വടക്കേ കരയിൽ നിർമ്മിച്ച മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടിനൃത്തം,കേരളനടനം,ഭരതനാട്യം എന്നിവയുടെ 30 അടി നീളവും 10 അടി ഉയരവുമുള്ള ശില്പങ്ങളാണ് കഴിഞ്ഞ ദിവസം ജെ.സി.ബി ഉപയോഗിച്ച് തകർത്തത്. കനാൽ കരയിൽ 85 അടി നീളവും 12 അടി ഉയരവുമുള്ള ശില്പങ്ങളും നിർമ്മിച്ചിട്ടുണ്ട്.

 ശില്പങ്ങളു‌ടെ മരണമണി

ശില്പങ്ങൾക്ക് പുറമേ ലാൻഡ് സ്കേപ്പ്, വിശ്രമ കേന്ദ്രങ്ങൾ, കനാൽ നവീകരണം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇവയുടെ നിർമ്മാണം പൂർത്തിയാക്കി ടൂറിസം വകുപ്പിന് കൈമാറാൻ നടപടികകൾ സ്വീകരിച്ചപ്പോൾ കനാലിലെ ചെളി നീക്കം ചെയ്യുന്ന പദ്ധതിയുമായി ജലസേചന വകുപ്പ് എത്തി. നവീകരിച്ച കരകളിൽ ചെളി കോരി വച്ചത് പദ്ധതി കൈമാറ്റത്തിന് തടസമായി. ശില്പങ്ങൾ മാത്രമായി ഏറ്റെടുക്കാൻ ടൂറിസം വകുപ്പിന് കഴിയാതെ വന്നു. ഇതോടെ ശില്പങ്ങൾക്ക് മരണമണി മുഴങ്ങി.

...................................

'പൈതൃക പദ്ധതി പൂർത്തീകരിക്കുന്നതോടെ നിലവിലെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാവും'

പൈതൃക പദ്ധതി, അധികൃതർ