ഹരിപ്പാട്: ലയൺസ് ക്ളബ്സ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ കേരള റീബിൽഡിംഗ് ഹോംസ്-2018 പദ്ധതി പ്രകാരം 120 വീടുകൾ നിർമ്മിച്ച് നൽകും. 2018ൽ കേരളത്തിലുണ്ടായ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട നിർദ്ധനരായ 120 പേർക്കാണ് വീടുകൾ നിർമ്മിച്ച് നൽകുന്നത്.
തിരുവനന്തപുരം മുതൽ ഹരിപ്പാട് വരെയുള്ള പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എ യുടെ പരിധിയിൽ പത്ത് വീടുകളാണ് അനുവദിച്ചിട്ടുള്ളത്. പ്രളയബാധിത പ്രദേശം എന്ന പരിഗണനയിൽ ഹരിപ്പാട്, പള്ളിപ്പാട്, ചെറുതന, കരുവാറ്റ, കുമാരപുരം എന്നിവിടങ്ങിലുള്ള പത്ത് പ്രളയ ബാധിതരെ വീടിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഓരോ വീടും എൽ.സി.ഐ.എഫ് ഫണ്ടിൽ നിന്നു 4.5 ലക്ഷം രൂപ ചിലവഴിച്ച് 405 സ്ക്വയർ ഫീറ്റിലാണ് നിർമ്മിക്കുന്നത്. പത്ത് വീടുകളും 90 ദിവസം കൊണ്ട് പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
വീടുകളുടെ ശിലാസ്ഥാപനം പള്ളിപ്പാട് പുല്ലമ്പടയിൽ ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എ ഗവർണർ ഡോ.എ.ജി. രാജേന്ദ്രൻ നിർവ്വഹിച്ചു. പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ട പുല്ലമ്പട മേടക്കടവിൽ മണിയന്റെ കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന വീടിന്റെ ശിലാസ്ഥാപനമാണ് നടന്നത്. ചടങ്ങിൽ മുൻ ഗവർണർമാരായ ഡോ.എൻ.രമേശ്, ജോൺ ജി.കൊട്ടറ, വൈസ് ഗവർണർ ഗോപകുമാർ മേനോൻ, റീജിയണൽ ചെയർപേഴ്സൺ ആർ.ശശീന്ദ്രൻ, സോൺ ചെയർപേഴ്സൺ റജി ജോൺ, ഡിസ്ട്രിക്ട് സെക്രട്ടറി ഡോ.ആർ.രാജേഷ്, ഹരിപ്പാട് ക്ളബ് പ്രസിഡന്റ് സി.സുഭാഷ്, സെക്രട്ടറി അഡ്വ.സജി തമ്പാൻ, ട്രഷറർ എസ്.ശാന്തികുമാർ, മറ്റ് ക്ളബ്ബുകളിലെ ഭാരവാഹികളായ ആർ.കെ. പ്രകാശ്, ജി.പ്രഭാകര കുറുപ്പ്, കെ.രാധാകൃഷ്ണൻ നായർ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രാജേന്ദ്രകുറുപ്പ്, രത്നകുമാരി തുടങ്ങിയവർ സംസാരിച്ചു. ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ പി.ചന്ദ്രമോഹൻ സ്വാഗതവും കൺവീനർ ആർ.ഹരീഷ് ബാബു നന്ദിയും പറഞ്ഞു.