അമ്പലപ്പുഴ: കഴിഞ്ഞ ദിവസം രണ്ടാനച്ഛന്റെ ക്രൂര മർദ്ദനത്തിരയായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശിശുരോഗ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച, കാക്കാഴം സ്വദേശിനി മോനിഷയുടെ മകൻ വിശാൽ (3) ഗുരുതരാവസ്ഥ തരണം ചെയ്തു വരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.

ദേഹമാസകലവും ജനനേന്ദിയത്തിനും മർദ്ദനമേറ്റിരുന്നു. ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന നിലപാടിലാണ് ഡോക്ടർമാർ. ഇന്ന് പ്രത്യേക മെഡിക്കൽ ബോർഡ് കൂടി സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി.രാംലാൽ പറഞ്ഞു. കുട്ടികളുടെ മെഡിസിൻ വിഭാഗം, സർജറി വിഭാഗം, സൈക്യാട്രി വിഭാഗം മേധാവികളും ആശുപത്രി സൂപ്രണ്ടുമാണ് മെഡിക്കൽ ബോർഡിലെ അംഗങ്ങൾ. കളക്ടർ എം.അഞ്ജനയുടെ നിർദേശത്തെ തുടർന്ന് ചൈൽഡ് ലൈൻ പ്രൊട്ടക്ഷൻ ഓഫീസർ ടി.വി.മിനി കത്തുനൽകിയതിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീ പ്രവർത്തകരാണ് കുട്ടിക്ക് സഹായമായി ആശുപത്രിയിൽ ഉള്ളത്.

കുട്ടിയെ ഡിസ്ചാർജ് ചെയ്ത ശേഷം ശിശുക്ഷേമ സമിതിക്ക് കൈമാറാനാണ് തീരുമാനമെന്ന് ടി.വി. മിനി പറഞ്ഞു. കുട്ടിയുടെ അമ്മ മോനിഷയെയും രണ്ടാനച്ഛൻ വൈശാഖിനേയും കഴിഞ്ഞ ദിവസം കോടതി റിമാൻഡ് ചെയ്തിരുന്നു. ആദ്യ രണ്ടു വിവാഹബന്ധങ്ങൾ ഒഴിഞ്ഞ ശേഷമാണ് മോനിഷ മൂന്നു മാസം മുമ്പ് വൈശാഖുമൊത്ത് വാടക വീട്ടിൽ താമസിച്ചു തുടങ്ങിയത്. മദ്യത്തിനടിമയായ വൈശാഖ് സ്ഥിരമായി കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്നാണ് പ്രദേശവാസികൾ അമ്പലപ്പുഴ പൊലീസിനോട് പറഞ്ഞത്.