photo

ചേർത്തല: കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ ഐതിഹ്യവുമായി ഇഴപിരിഞ്ഞ് കിടക്കുന്ന ഏഴു വരി മുള്ളുള്ള കൈത സസ്യശാസ്ത്രത്തി​ന് ഇന്നും അത്ഭുതമാണ്. ക്ഷേത്രത്തിന്റെ തെക്കേ തെരുവിലെ റോഡിന് കിഴക്ക് ദേവിയുടെ നിത്യ സാന്നിദ്ധ്യമുള്ള സ്ഥലത്താണ് കൈത സ്ഥിതിചെയ്യുന്നത്. പുരാതന കാലത്ത് ഈ കൈതയ്ക്ക് മ​റ്റു കൈതകളെ പോലെ മൂന്നു വരി മുള്ളുകളേ ഉണ്ടായിരുന്നുള്ളുവെന്ന് പഴമക്കാർ പറയുന്നു.പുന്നമരങ്ങളാൽ ചു​റ്റപ്പെട്ടതും ചൂരൽ കാടുകളും കൈതകളും വലയം ചെയ്യപ്പെട്ട ഒരു കുളവും ഇവിടെ ഉണ്ടായിരുന്നു. കുളത്തിന്റെയും ഇവിടത്തെ കൈതയുടെ വിശുദ്ധിയെപ്പ​റ്റി അറിവില്ലാതിരുന്ന ഋതുമതിയായ ചെറുമി എന്ന പുലയ സ്ത്രീ തഴപ്പായ നെയ്യുന്നതിനായി ഇവിടെ നിന്നു കൈതയോല മുറിച്ചെടുക്കാൻ എത്തി​. തീണ്ടാരി ദിനങ്ങളിലായിരുന്നു ഇവർ. തന്റെ സങ്കേതത്തിൽ അശുദ്ധിയായി പ്രവേശിച്ച ചെറുമിയോട് ദേവിക്ക് കോപം ഉണ്ടായതിനെ തുടർന്ന് പെട്ടെന്ന് ചെറുമി മോഹാലസ്യപ്പെട്ട് വീണുവെന്നാണ് ഐതിഹ്യം.

എന്നാൽ വൈകിട്ടോടെ ബോധം തിരിച്ചു കിട്ടിയ ചെറുമി പരിഭ്രമിച്ച് ഏഴുന്നേ​റ്റപ്പോൾ കണ്ട കാഴ്ച അത്ഭുതപ്പെടുത്തി. മൂന്നു വരി മാത്രം മുള്ളുണ്ടായിരുന്ന കൈതയിൽ നിരവധി മുള്ളുകൾ. ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ ചെറുമി അവിടെ നിന്നു രക്ഷപ്പെട്ടു. അവർ നൽകിയ വിവരമനുസരിച്ച് എത്തിയവരൊക്കെ കണ്ടത് അത്ഭുത കാഴ്ചകളായിരുന്നു. ഏഴുവരി മുതൽ ക്രമം തെ​റ്റിയ രീതിയിൽ മുള്ളുകൾ. ചില ഓലകളിൽ 21 വരികളിലായും മുള്ളുകളുണ്ട്. ചെറുമിയുടെ ഈ അപരാധം ദേവി തന്നെ ഈ സ്ഥലത്ത് ദേവിസാന്നിദ്ധ്യമുള്ളതായി ഭക്തർക്ക് കാട്ടിക്കൊടുത്തതായിരുന്നു. ഇവിടത്തെ കൈതയോലകൾ മ​റ്റൊരാവശ്യത്തിനും ഉപയോഗിക്കരുതെന്ന വി​ശ്വാസം ദേവിഹിതമായി​ നി​ലവി​ൽ വന്നു.

ആധുനിക യുഗത്തിലും സസ്യശാസ്ത്രജ്ഞർക്ക് ഇത്തരത്തിലുള്ള കൈത മറ്റൊരിടത്തും കണ്ടെത്താനാകാത്തത് ദേവിയുടെ ശക്തി വൈശിഷ്ട്യങ്ങൾക്ക് മകുടോദാഹരമാണ്. ഉത്സവ നാളുകളിൽ കൈതകൾ കാണാൻ വൻ തിരക്കാണ്. ക്ഷേത്ര ദർശനത്തിനു ശേഷം മൂലസ്ഥാനവും ഇവിടവും സന്ദർശിച്ചാണ് ഭക്തർ മടങ്ങുന്നത്.

കണിച്ചുകുളങ്ങരയിൽ ഇന്ന്

ദീപാരാധന വിളക്ക് വൈകിട്ട് 6.30ന്, സംഗീതസദസ് 7ന്, കൊല്ലം അയനം നാടകവേദി അവതരിപ്പിക്കുന്ന നാടകം രാത്രി 8.30ന്