സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു
കറ്റാനം: സുപ്രീം കോടതി ഉത്തരവിലൂടെ ഓർത്തഡോക്സ് വിഭാഗത്തിന്റെ കൈവശമെത്തിയ കട്ടച്ചിറ പള്ളിയിലെ സെമിത്തേരിയിൽ, ഓർമ്മ ദിവസം പ്രാർത്ഥിക്കാനെത്തിയ യാക്കോബായ വിശ്വാസികളും ഓർത്തഡോക്സ് വിഭാഗവും തമ്മിൽ നടന്ന കയ്യാങ്കളി പൊലീസ് ലാത്തിച്ചാർജ്ജിൽ കലാശിച്ചു. ബധിര യുവാവ് അടക്കം യാക്കോബായ വിഭാഗത്തിലെ അഞ്ചുപേർക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. ഇവരെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച.
ഭിന്നശേഷിക്കാരനായ സുജിൻ ഭവനത്തിൽ സുജിൻജോസ് (24), പറമ്പിൽ പീടികയിൽ അനിയൻ ഫിലിപ്പോസ് (75), കുട്ടേമ്പടത്ത് വടക്കതിൽ കുട്ടിയമ്മ തമ്പാൻ (87), കൊപ്പാറ കന്നിമേൽ രാജു മാത്യു (68), പറമ്പിൽപീടികയിൽ ഷിനു കുഞ്ഞുമോൻ (27), ആലപ്പുഴ എ.ആർ ക്യാമ്പിലെ സി.പി.ഒ ശിവകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. വലിയ നോമ്പിന് മുന്നോടിയായി മരിച്ചവരുടെ ഓർമ്മ ദിവസം പള്ളി സെമിത്തേരിയിൽ ഇന്നലെ രാവിലെ പ്രാർത്ഥിക്കാനെത്തിയ യാക്കോബായ വിശ്വാസികളും ഓർത്തഡോക്സ് വിഭാഗവും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ പൊലീസ് ഇടപെടുകയായിരുന്നു. പൊലീസുകാർ നോക്കി നിൽക്കെ സ്ത്രീകൾക്കും, കുട്ടികൾക്കും നേരെ പുറത്തു നിന്നെത്തിയ ഓർത്തഡോക്സ് വിഭാഗമാണ് അക്രമം നടത്തിയതെന്നും പൊലീസ് അവർക്ക് അവസരം ഒരുക്കുകയായിരുന്നെന്നും യാക്കോബായ വിഭാഗം ആരോപിച്ചു. സർക്കാരിന്റെ ഓർഡിനൻസ് നിലവിലുള്ളപ്പോൾ സമാധാനപരമായി സെമിത്തേരിയിൽ പ്രാർത്ഥിക്കാനെത്തിയ യാക്കോബായ വിശ്വാസികളെ പൊലീസ് സാന്നിദ്ധ്യത്തിൽ ഗുണ്ടകളെ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നുവെന്ന് ട്രസ്റ്റി അലക്സ് എം. ജോർജ് പറഞ്ഞു.
ബധിര യുവാവിനെ മർദ്ദിച്ചതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നു കട്ടച്ചിറ പള്ളി മാനേജിംഗ് കമ്മിറ്റി യോഗം അറിയിച്ചു. യാക്കോബായ വിഭാഗം വിശ്വാസിയുടെ കല്ലറ കഴിഞ്ഞയാഴ്ച ഓർത്തഡോക്സ് വിഭാഗം തകർത്തിരുന്നു. ഇതിനെതിരെ ഒരു നടപടിയും പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും യാക്കോബായ വിഭാഗം ആരോപിക്കുന്നു. ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, വള്ളികുന്നം സ്റ്റേഷനുകളിൽ നിന്നു പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.