ചേർത്തല: കഞ്ഞിക്കുഴിയിൽ തുണിക്കടയിലുണ്ടായ തീപിടിത്തം നാട്ടുകാരുടെയും സമീപത്തെ ആട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരുടെയും സമയോചിത ഇടപെടൽ മൂലം വൻ ദുരന്തമാവാതെ ഒഴിഞ്ഞു.
മാരാരിക്കുളം പൊലീസ് സ്റ്റേഷന് സമീപത്തെ ശ്രീലക്ഷ്മി ടെക്സ്റ്റൈൽസിലാണ് ഇന്നലെ ഉച്ചയോടെ തീപിടിത്തമുണ്ടായത്. പുക ഉയർന്ന ഉടൻ തന്നെ കച്ചവടക്കാരും ആട്ടോ ടാക്‌സി ഡ്രൈവർമാരും പൊലീസും ചേർന്ന് തീ അണച്ചു. കടയിലുണ്ടായിരുന്ന തുണി മുഴുവൻ പുറത്തെത്തിച്ചു. 10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. എസ്.എൽ പുരം സ്വദേശി മിനി ഉണ്ണിക്കൃഷ്ണനാണ് ഉടമ. ആലപ്പുഴയിൽ നിന്നും ചേർത്തലയിൽ നിന്നും അഗ്നിശമന സേനയും എത്തി. വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.
കഞ്ഞിക്കുഴി ചന്തയിൽ നാലുവർഷത്തിന് മുമ്പ് മൂന്നു തവണ വൻ അഗ്നിബാധ ഉണ്ടായിരുന്നു. മാർക്കറ്റിലെ പത്തോളം കടകൾക്ക് നാശനഷ്ടമുണ്ടായി. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് അന്നുണ്ടായത്.