വള്ളികുന്നം: പ്ളസ് ടു വിദ്യാർത്ഥിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്കൂട്ടർ തട്ടിയെടുത്ത് കടക്കാൻ ശ്രമിച്ച യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. വള്ളികുന്നം കടുവുങ്കൽ പി.കെ ഹൗസിൽ അഹമ്മദ് സിനാന്റെ സ്കൂട്ടർ തട്ടിയെടുത്തെന്ന കേസൽ വള്ളികുന്നം തെക്കേമുറി വാളാക്കോട്ട് തെക്കതിൽ അനസ് (25),കടുവുങ്കൽ പുത്തൻപുരയിൽ ആസാദ് (22) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ കണിയാംമുക്കിനു സമീപമുള്ള കളിസ്ഥത്തു വച്ചാണ് സംഭവം. സ്കൂട്ടർ ആവശ്യപ്പെട്ടപ്പോൾ നൽകാതിരുന്നതിനെ തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തി കാട്ടി ഭീഷണിമുഴക്കി സ്കൂട്ടറുമായി കടക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അറസ്റ്റിലായ യുവാക്കളെ കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾ ഒട്ടേറെ കേസുകളിൽ പ്രതികളാണെന്നു പൊലീസ് പറഞ്ഞു.