ആലപ്പുഴ:സാംക്രമിക രോഗ പ്രതിരോധ, നിയന്ത്റണ പദ്ധതിയായ 'ആരോഗ്യ ജാഗ്രത'യുടെ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പഴുതുകളില്ലെന്ന് ഉറപ്പാക്കി കൂടുതൽ ഊർജ്ജിതമാക്കും.

കളക്ടർ എം.അഞ്ജനയുടെ അദ്ധ്യക്ഷതയിൽ കളക്ടറേ​റ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ആരോഗ്യ ജാഗ്രത ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം. സുസ്ഥിര പ്രതിരോധ,നിയന്ത്റണ പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് കളക്ടർ പറഞ്ഞു. പകർച്ച വ്യാധികൾക്കെതിരെ പലതലങ്ങളിൽ ബോധവത്കരണ കാമ്പയിൻ നടത്തും. ഇക്കാര്യത്തിൽ സ്‌കൂളുകളിലും അതിഥി സംസ്ഥാന തൊഴിലാളി കേന്ദ്രങ്ങളിലും പ്രത്യേക ഊന്നൽ നൽകും. കൊതുക്, എലി നശീകരണത്തിന് മാർഗങ്ങൾ സ്വീകരിക്കും.

എല്ലായിടത്തും ആവശ്യത്തിന് ശുദ്ധജലം ഉറപ്പാക്കും. ക്‌ളോറിനേഷൻ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. ഡി.എം.ഒ ഡോ. എൽ.അനിതകുമാരി,ഡെപ്യൂട്ടി ഡി. എം .ഒ ഡോ.ദീപ്തി,
ആലപ്പുഴ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് എന്നിവരും വിവിധ വകുപ്പ് പ്രതിനിധികളും പങ്കെടുത്തു.