ആലപ്പുഴ: നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്ന് മന്ത്രി ടി .എം.തോമസ് ഐസക് പറഞ്ഞു. കിഫ്ബിയുടെ ' കേരള നിർമ്മിതി വികസനത്തിന്റെ അനുഭവബോദ്ധ്യം' വികസന പ്രദർശനവും ബോധവത്ക്കരണ പരിപാടിയും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റിൽ നടന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മാർച്ച് ഒന്നുമുതൽ മൂന്നുവരെ ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിലാണ് അടിസ്ഥാനസൗകര്യവികസനപദ്ധതികളുടെ ബോധവത്കരണ പരിപാടി .
ട്രാൻസ്‌പോർട് ഹബ് നിർമിക്കൽ, ദേവാലയങ്ങളും ഫാക്ടറികളുമടക്കം 50തോളം കെട്ടിടങ്ങളുടെ സംരക്ഷണപദ്ധതി, വിവിധ മ്യൂസിയങ്ങളൊരുക്കുന്ന പദ്ധതി, പാലങ്ങൾ പുതുക്കിപണിയൽ തുടങ്ങിയ വിവിധ പദ്ധതികൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. ഗുജറാത്തി സ്ട്രീറ്റുമായി ബന്ധപ്പെട്ട മേഖലമുഴുവൻ ഒരു ഓർമതെരുവായി വികസിപ്പിക്കാനും ആലോചനയുണ്ട്.
പരിപാടിയുടെ ഉദ്ഘാടനം മാർച്ച് ഒന്നിന് വൈകിട്ട് 6 ന് ഇ.എം.എസ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുക. മന്ത്രി തോമസ് ഐസക് അദ്ധ്യക്ഷനാകും. പ്രദർശനോദ്ഘാടനം മന്ത്രി ജി.സുധാകരൻ നിർവഹിക്കും. മന്ത്രി പി.തിലോത്തമൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവർ മുഖ്യപ്രഭാഷണം നടത്തും. മൂന്നിന് ഉച്ചക്ക് 2 ന് സ്‌കൂൾ,കോളജ് വിദ്യാർത്ഥികൾക്കായി ഡോ.ജി.എസ്. പ്രദീപ് അവതരിപ്പിക്കുന്ന പ്രശ്‌നോത്തരിയും 6 ന് കലാസന്ധ്യ എന്നിവ നടക്കും.