ph

കായംകുളം:; കായംകുളം നഗരത്തിൽ ട്രാഫിക് കുടകളില്ലാത്തത് കൊടുംവെയി​ലി​ൽ ട്രാഫി​ക് ജീവനക്കാരുടെ ജോലി​ നരകതുല്യമാക്കുന്നു. ഹോം ഗാർഡുകളാണ് നഗരത്തി​ൽ പ്രധാനമായും ട്രാഫി​ക് ഡ്യൂട്ടി​ നോക്കുന്നത്.

ഗതാഗത കുരുക്കേറിയ പ്രധാന സ്ഥലങ്ങളായ കുറ്റിത്തെരുവ് , പൊലീസ് സ്റ്റേഷൻ ജംഗ്ഷൻ , കെ.എസ്. ആർ.ടി. സി ജംഗ്ഷൻ , കമലാലയം ജംഗ്ഷൻ , മുനിസിപ്പൽ ജംഗ്ഷൻ , കോളേജ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ഹോം ഗാർഡുകളി​ൽ ഡ്യൂട്ടി​ നോക്കുന്നത്. ഇവിടങ്ങളിൽ തണലേകുന്ന ട്രാഫിക് കുടകളോ മറ്റു സംവിധാനങ്ങളോ സ്ഥാപിച്ചിട്ടില്ല . ദേശീയ പാതയിൽ കോളേജ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ കഴിഞ്ഞ ആഴ്ചയുണ്ടായ വാഹന അപകടത്തിൽ നിലം പതിച്ചതോടെ ഇവിടുത്തെ ഗതാഗത നിയന്ത്രണം ജീവനക്കാർക്ക്‌ കീറാമുട്ടിയായിരിക്കുകയാണ് . നഗരത്തിൽ ഗതാഗതകുരുക്കേറിയതും അപകടമേഖലയുമായ ഇവിടെ നാല് ഭാഗങ്ങളിൽ നിന്നായി എത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കുവാൻ ട്രാഫിക് ജീവനക്കാർ അല്പംപോലുംതീരെ തണലില്ലാത്ത റോഡിൽ സദാസമയം നിലയുറപ്പിക്കേണ്ട അവസ്ഥയാണ്.

കൂനി​ന്മേൽ കുരുവായി​ സി​ഗ്നൽ പ്രശ്നം

ട്രാഫിക് സിഗ്നൽ ഇല്ലാതായതോടെ ജീവനക്കാരുടെ ദുരിതം ഇരട്ടിച്ചിരിക്കുകയാണ് . ജില്ലയിൽ അന്തരീക്ഷ താപനില കുതിച്ചുയരുകയും സൂര്യാതാപം , സൂര്യാഘാതം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത മുന്നിൽകണ്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിരോധ സംവിധാനങ്ങൾ ഒന്നും ഇല്ലാതെ കടുത്തവെയിലിനെ അവഗണിച്ചു ഹോം ഗാർഡുകൾ ഗതാഗതം നിയന്ത്രിക്കേണ്ടി വരുന്നത്.