ആലപ്പുഴ: റവന്യൂ വകുപ്പിനോടും ജീവനക്കാരോടും ധനകാര്യവകുപ്പ് തുടരുന്ന അവഗണനയ്ക്കെതിരെ കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ റവന്യൂ ജീവനക്കാർ നാളെ പണിമുടക്കുമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി എസ് സന്തോഷ്‌കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. റവന്യൂ വകുപ്പിനെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് ഇപ്പോൾ ഭരണതലത്തിൽ നടക്കുന്നത്. റവന്യൂ വകുപ്പിന്റെ കാര്യം വരുമ്പോൾ സമ്പത്തിക പ്രതിസന്ധിയെന്നാണ് ധനകാര്യവകുപ്പിന്റെ നിലപാടെന്ന് അസോസിയേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തി. വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരുടെ 50 ശതമാനം തസ്തികകൾ അപ്ഗ്രേഡ് ചെയ്യുക, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ഡെപ്യൂട്ടി കളക്ടർ തസ്തിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് നാളെ പണിമുടക്ക് നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജെ ഹരിദാസ്, .കെ.ജി.ഐബു, വി.എസ്.സൂരജ് എന്നിവരും പങ്കെടുത്തു.