 പഴയിടം നമ്പൂതിരി​യുടെ പിറന്നാൾ സദ്യ ഇന്ന് മണ്ണാറശാലയി​ൽ

ഹരിപ്പാട്: മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ മുഖ്യ പൂജാരിണിയായ അമ്മ ദിവ്യശ്രീ വാസുകി ശ്രീദേവി ഉമാദേവി അന്തർജ്ജനത്തിന്റെ നവതി ആഘോഷം ഇന്ന് ക്ഷേത്രാങ്കണത്തിൽ നടക്കും.

മൂന്ന് ദിവസങ്ങളിലായി നടത്താനിരുന്ന നവതി ആഘോഷം, പുത്രസ്ഥാനീയനായ എം.എൻ.നാരായണൻ നമ്പൂതിരിയുടെ നിര്യാണത്തെത്തുടർന്ന് ഒരു ദിവസമായി ചുരുക്കുകയായിരുന്നു. തിരുവാഭരണം ചാർത്തി വിശേഷാൽ നിവേദ്യങ്ങളോടെ പൂജകൾ നടക്കും. പിറന്നാളിന്റെ ഭാഗമായി ഇല്ലത്ത് വൈദിക ചടങ്ങുകളും വിശേഷാൽ പൂജകളും നടക്കും. പിറന്നാൾ ദിനത്തിൽ അമ്മയെ ദർശിക്കാനെത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ
സദ്യയുമുണ്ടാകും. പ്രത്യേകം തയ്യാറാക്കിയ പന്തലിൽ രാവിലെ 10 മുതലാണ് പിറന്നാൾസദ്യ.

ഇന്നലെ പ്രമുഖകലാകാരൻമാരെ പങ്കെടുപ്പിച്ച് മണ്ണാറശാല എം.ജി.നാരായണൻ നമ്പൂതിരി രചിച്ച വാമന വിജയം കഥകളിയും കലാമണ്ഡലം ഗോപി, നെല്ലിയോട് വാസുദേവൻ നമ്പൂതിരി എന്നിവർ പങ്കെടുക്കുന്ന കുചേലവൃത്തവും അരങ്ങേറി.

കോട്ടയം മാങ്ങാനത്ത് ചെമ്പകനെല്ലൂർ ഇല്ലത്തെ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും രുഗ്മിണി ദേവീ അന്തർജ്ജനത്തിന്റെയും മൂന്നാമത്തെ പുത്രിയായ ഉമാദേവി ഇരുപത്തൊന്നാം വയസിൽ എം.ജി.നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് 1949ൽ മണ്ണാറശാല ഇല്ലത്തേക്ക് കടന്നുവന്നത്.

നാലു വർഷം നീണ്ട ദാമ്പത്യത്തിനൊടുവിൽ വൈധവ്യം പേറേണ്ടി വന്നു. അന്നത്തെ വലിയമ്മ സാവിത്രി അന്തർജ്ജനത്തോടൊപ്പം 38 വർഷത്തിനിടെ പൂജകളും മറ്റു ചടങ്ങുകളും ഹൃദിസ്ഥമാക്കി. 30 വർഷം ഇളയമ്മയുടെ ചുമതലയും വഹിച്ചു. 1993ൽ വലിയമ്മ ദിവ്യശ്രീ വാസുകി ശ്രീദേവി സാവിത്രി അന്തർജ്ജനത്തിന്റെ സമാധിക്കുശേഷം ഒരുവർഷത്തെ വ്രതദീക്ഷ കഴിഞ്ഞ് 1994 ഒക്ടോബർ മുതലാണ് ഉമാദേവി അന്തർജ്ജനം നാഗപൂജ തുടങ്ങിയത്.

 ഭക്തരുടെ ദൈവം

പുലർച്ചെ 5ന് അമ്മയുടെ ഒരു ദിവസം ആരംഭിക്കും. തീർത്ഥക്കുളത്തിൽ കുളിച്ച് ഈറൻകസവ് വേഷ്ടിയുടുത്ത് തേവാരപ്പുരയിലെത്തി നാഗദൈവങ്ങളുടെ പീഠത്തിൽ പൂജ നടത്തും. പൂജയ്ക്ക് ശേഷം ഇല്ലത്ത് എത്തിയിട്ടാണ് ജലപാനം പോലും. തുടർന്ന് ഇല്ലത്തെ പടിഞ്ഞാറേ മുറിയിൽ ഭക്തർക്ക് ദർശനം. സങ്കടങ്ങൾ സശ്രദ്ധം കേട്ട് പരിഹാരം. ഉച്ചയ്ക്ക് ഉണക്കലരി വറ്റിച്ച ചോറടങ്ങിയ സസ്യാഹാരം. ശേഷം പുരാണ പാരായണം, ജപം, രാത്രി 9ന് ഉറക്കം. പ്രായാധിക്യത്തിന്റെ അവശതകൾ ഉണ്ടെങ്കിലും ഇപ്പോഴും ഭക്തർക്ക് ദർശനം നൽകാൻ അമ്മ രാവിലെയും വൈകിട്ടും പ്രത്യേക പുരയിൽ ഉണ്ടാകും. വലിയമ്മയായിരുന്ന ദിവ്യശ്രീ വാസുകി ശ്രീദേവി സാവിത്രി അന്തർജ്ജനം 93മത്തെ വയസിൽ 1993 ഒക്ടോബർ 24ന് സമാധിയായതോടെയാണ് അന്നത്തെ ചെറിയമ്മയായിരുന്ന ഉമാദേവി അന്തർജ്ജനം അമ്മയായി സ്ഥാനമേറ്റത്. 34 വർഷം വലിയമ്മയുടെ എല്ലാകാര്യത്തിലും ഒപ്പം നിന്ന ഉമാദേവി അന്തർജനം 1993ലെ വിജയദശമി ദിനത്തിലാണ് വലിയമ്മ സ്ഥാനത്തേക്ക് പടികയറുന്നത്. ഇല്ലത്തെ അംഗങ്ങൾ വിവാഹം ചെയ്തു കൊണ്ടുവരുന്ന സ്ത്രീകളാണ് മണ്ണാറശാലയിലെ വലിയമ്മയാവുന്നത്.