ചേർത്തല:കണിച്ചുകുളങ്ങര ദേവി ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ഭക്തർ മൂല സ്ഥാനത്ത്(കുമർത്തുശേരി)ദർശനം നടത്തുന്നതോടെ മാത്രമേ പൂർണ ഫലം ലഭിക്കുയെന്നാണ് വിശ്വാസം.മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് കണിച്ചുകുളങ്ങരയെ വ്യത്യസ്തമാക്കുന്നതും ഇതാണ്.ക്ഷേത്രത്തിന് 400 മീറ്റർ പടിഞ്ഞാറ് ഭാഗം മാറിയാണ് മൂല സ്ഥാനം സ്ഥിതിചെയ്യുന്നത്.നമ്പൂതിരിമാർ പ്രതിഷ്ഠിച്ച വിഗ്രഹവും അത് കുടികൊണ്ടിരുന്ന ഓലമേഞ്ഞ കുര്യാലയും മൂലസ്ഥാനത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ഇവിടെ കുടിയിരുത്തിയിട്ടുള്ള ചക്കിയമ്മയാണ് ക്ഷേത്രത്തെ ഇന്നത്തെ ആരാധാനാ ക്രമത്തിലേയ്ക്ക് എത്തിച്ചത്. കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിന്റെ ചരിത്രത്തിലും ഐതിഹ്യത്തിലും ചക്കിയമ്മയ്ക്ക് വളരെ പ്രധാന്യമുണ്ട്.നമ്പൂതിരി യുഗത്തിൽ നിന്നും ഈഴവാദി പിന്നാക്ക വർഗങ്ങളിലേയ്ക്ക് ക്ഷേത്രാധികാരം എത്തി ചേരുവാൻ കാരണ ഭൂതമായത് ചക്കിയമ്മയാണ്.കുമർത്തുശേരിക്ക് പനച്ചിക്കാപറമ്പെന്നും പേരുണ്ട്.കുഞ്ഞൻ വീടിന്റെ സന്താന പരമ്പരകളുടെ കുടുംബ ക്ഷേത്രം കൂടിയാണ് കുമർത്തുശേരി യക്ഷിയമ്മയുടെ ക്ഷേത്ര സങ്കേതം.കുഞ്ഞംവീട്ടിലെ പിൻതലമുറക്കാരായ ശാന്തിമാർ താമസിച്ചിരുന്നതും ഇവിടെയാണ്.ഇവർക്ക് താമസിക്കാൻ പണ്ട് ഒരു കൊട്ടാരമുണ്ടായിരുന്നതായി വിശ്വസിക്കുന്നു.കാലാന്തരത്തിൽ കാലപ്പഴക്കത്താൽ കൊട്ടാരം നാമാവശേഷമായി.സന്താനലബ്ധിയില്ലാതിരുന്നവർ പനച്ചിക്കാപറമ്പിലെ ഓലമേഞ്ഞ കുര്യാലയിൽ പ്രതിഷ്ഠിക്കപ്പെട്ട ചക്കിയമ്മയുടെ അമ്പലത്തിൽ വിളക്ക് വെച്ച് ആരാധിക്കുകയും പായസ നിവേദ്യം നടത്തി വരുകയും ചെയ്തിരുന്നു.ചിക്കരകുട്ടികളുമായി ബന്ധപ്പെട്ട എല്ലാ പ്രധാന ചടങ്ങുകളും നടക്കുന്നത് ഇവിടെയാണ്.ദിവസേന ചിക്കരകുട്ടികൾ പ്രധാന ക്ഷേത്രം വലംവെയ്ക്കുന്നതിനോടൊപ്പം മൂലസ്ഥാനത്തും വലംവെയ്ക്കും.ദേവിയുടെ ഏറ്റവും ഇഷ്ട ചടങ്ങായ ചിക്കരകൊട്ടിക്കൽ കൂട്ടക്കളം നടക്കുന്നത് ഇവിടെയാണ്.കണിച്ചുകുളങ്ങരയിൽ എത്തുന്നവർ മൂലസ്ഥാന ദർശനം നടത്തുന്നതോടെയാണ് ദർശനം പൂർണതയിലെത്തുന്നത്.