ചേർത്തല: കാലങ്ങളായി കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ അരങ്ങേറിയിരുന്ന വേലപടയണി എന്ന അനാചാരത്തെ നിറുത്തലാക്കാനാണ് ഗുരുദേവ മന്ദിരം നിർമ്മിച്ചത്. ഇതിന്റെ മറവിൽ കാലങ്ങളായി നടന്നിരുന്ന പകപ്പോക്കലുകൾക്കും അക്രമങ്ങൾക്കും വിരമാമിടാൻ സാധിച്ചത് ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്റെ പ്രവർത്തനമികവാണ്.
ഉത്സവകാലത്ത് മദ്യപിച്ച് അസഭ്യം പറഞ്ഞ് ബോധം നഷ്ടപ്പെട്ട് കാടത്തരം കാട്ടുന്ന വേലതുള്ളൽ ഒഴിവാക്കാൻ വെള്ളാപ്പള്ളി നടേശൻ കണ്ടെത്തിയ മാർഗമായിരുന്നു ഗുരുദേവ ക്ഷേത്ര നിർമ്മാണം. 1974 ഫെബ്രുവരി 15നാണ് ഗുരുമന്ദിരത്തിൽ ഗുരുദേവ പ്രതിഷ്ഠ നടത്തിയത്. എന്നാൽ നിർമ്മാണം പൂർത്തിയായി അനാച്ഛാദനത്തിനും പ്രതിഷ്ഠാ കർമ്മത്തിനും സജ്ജമായി നിന്ന ഗുരുമന്ദിരം 24 മണിക്കൂർ മുമ്പ് വേലപടയണി അനുകൂലികൾ ഡൈനാമെറ്റ് വെച്ച് തകർത്തു. പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്റെ നിശ്ചയദാർഢ്യത്തോടെയുള്ള തീരുമാനപ്രകാരം നിശ്ചയിച്ച സമയത്ത് തന്നെ ഗുരുക്ഷേത്രം പുനർ നിർമ്മിച്ച് പ്രതിഷ്ഠയും നടത്തി. വേലപടയണിക്കിടയിൽ മദ്യപിച്ചെത്തുന്നവരിൽ പലരും വ്യക്തി വൈരാഗ്യത്തിന്റെ കണക്കു തീർക്കാൻ അമ്പലതെരുവ് മറയാക്കിയിരുന്നു. നിരവധി പാവങ്ങൾ ഉത്സവ നാളുകളിൽ അക്രമത്തിന് ഇരയായി. മൃതപ്രായരായ ഇവർക്ക് കിടക്കയായിരുന്നു ശരണം. കൊലപാതകങ്ങളും അരങ്ങേറി.ചുരുക്കത്തിൽ കണിച്ചുകുളങ്ങര ഗ്രാമത്തിന്റെ സ്വൈര്യ ജീവിതത്തെ വേലപടയണിയെന്ന അനാചാരം പൂർണമായി വിഴുങ്ങിയിരുന്നു.
വേലപടയണി നിയമം മൂലം നിരോധിക്കാനും ജനങ്ങൾക്ക് സ്വൈര്യ ജീവിതം ഉറപ്പാക്കാനും വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ നിയമ നടപടികൾ തുടങ്ങി. അടിയന്തിരാവസ്ഥ കാലഘട്ടത്തിലാണ് വേലപടയണി അവസാനിപ്പിച്ച് ആറാട്ട് ഉത്സവം നടത്താൻ കോടതി നിർദ്ദേശിച്ചത്. .
ഗുരുമന്ദിരം നിർമ്മിച്ചാൽ വേലപടയണി നിറുത്തുമെന്ന ഘട്ടമെത്തിയപ്പോഴാണ് വേലപടയണി അനുകൂലികൾ മന്ദിരം തകർക്കാൻ തീരുമാനിച്ചത്. കണിച്ചുകുളങ്ങര ഹൈസ്‌കൂളിന്റെ കനക ജൂബിലി വർഷം കൂടിയായിരുന്നു 1974.ഗുരുദേവ വിഗ്രഹ പ്രതിഷ്ഠ നടത്തിയത് ഗുരു നിത്യചൈതന്യ യതിയായിരുന്നു.അന്ന് മുഖ്യമന്ത്റിയായിരുന്ന സി.അച്യുമേനോൻ ആയിരുന്നു വിഗ്രഹം അനാച്ഛാദനം ചെയ്തത്.
പ്രശസ്ത ശിൽപ്പി എം.വി.ദേവന്റെ കരവിരുതിൽ രൂപം കൊണ്ട ഗുരുദേവ വിഗ്രഹമാണ് കണിച്ചുകുളങ്ങരയിലേത്.വെള്ളാപ്പള്ളി നടേശന്റെ ഷഷ്ഠിപൂർത്തി സ്മാരകമായി 1997ൽ അദ്ദേഹം തന്നെ പ്രാർത്ഥനാ മന്ദിരവും ക്ഷേത്രത്തിന് നിർമ്മിച്ചു നൽകി.ഇതിനിടെ കഴിഞ്ഞ വർഷത്തെ വാർഷിക പൊതുയോഗം ഗുരുമന്ദിരം ഗുരു ക്ഷേത്രമായി പുനർ നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട്.വെണ്ണക്കൽ പ്രതിമയിലാണ് ഗുരുദേവ ക്ഷേത്രം നിർമ്മിക്കുന്നത്.ഈ വർഷം തന്നെ ഗുരു ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കി പ്രാർത്ഥനയ്ക്ക് കൈമാറുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.23 വർഷമായി എല്ലാ മാസവും ചതയദിനത്തിന് പതിവു തെറ്റാതെ ഇവിടെ ചതയദിന പ്രാർത്ഥനയും നടന്നു വരുന്നു.ക്ഷേത്ര ദർശത്തിനെത്തുന്നവർ ഗുരുദേവ ക്ഷേത്രത്തിലും തൊഴുതാണ് മടങ്ങുന്നത്.
കണിച്ചുകുളങ്ങരയിൽ ഇന്ന്
തെക്കേ ചേരുവാര താലപ്പൊലി വൈകിട്ട് 6ന്,ദീപാരാധന,വിളക്ക് 6.30ന്,സംഗീതനിശ രാത്രി 8ന്