ആലപ്പുഴ: കയർ മേഖലയിലെ പരമ്പരാഗത തൊഴിൽ രീതിയെ സംരക്ഷിച്ച് സമ്പൂർണ്ണ യന്ത്രവത്കരണം നടപ്പാക്കുമെന്ന് മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. കയർ കോർപറേഷന്റെ യന്ത്രവത്കരണ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
യന്ത്രവത്കരണം കൊണ്ട് ആരും ആശങ്കപ്പെടേണ്ട. തൊഴിലും ഉത്പന്നങ്ങളും സംരക്ഷിക്കും. സഹകരണ സംഘം വഴിയാണ് യന്ത്രവത്കരണം നടപ്പാക്കുന്നത്. മേഖലയിലെ യന്ത്രവത്കരണം വൈകിയതാണ് തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങൾ കേരളത്തെ പിന്നിലാക്കാൻ കാരണം. കയർ മ്യൂസിയത്തിന്റെ ആദ്യഘട്ടം ഏപ്രിലിൽ ഉദ്ഘാടനം ചെയ്യും. യന്ത്രങ്ങളുടെ വിതരണവും മന്ത്രി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. കയർ വകുപ്പ് സെക്രട്ടറി പി.വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി, എ.എം.ആരിഫ് എം.പി, കയർ യന്ത്രനിർമ്മാണ ഫാക്ടറി ചെയർമാൻ കെ.പ്രസാദ്, കയർഫെഡ് ചെയർമാൻ അഡ്വ. എൻ.സായികുമാർ, ഫോംമാറ്റിംഗ്സ് ചെയർമാൻ അഡ്വ. കെ.ആർ.ഭഗീരഥൻ, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ഗണേശൻ, കയർ കോർപറേഷൻ എം.ഡി ജി.ശ്രീകുമാർ, ഡയറക്ടർ കെ.ആർ. അനിൽ, കയർഫെഡ് എം.ഡി സി.സുരേഷ് കുമാർ, കയർ മെഷിനറി എം.ഡി പി.വി.ശശീന്ദ്രൻ, ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യുട്ടീവ് പി.എം.ഷാജി, കെ.ടി.മാത്യു, അഡ്വ. ഷീന സനൽകുമാർ, ഇന്ദിരാ തിലകൻ, എൻ.പി. സ്നേഹജൻ, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ എന്നിവർ സംസാരിച്ചു. കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ സ്വാഗതവും കയർവർകുപ്പ് അഡീഷണൽ ഡയറക്ടർ കെ.എസ്.പ്രദീപ്കുമാർ നന്ദിയും പറഞ്ഞു.