ഹരിപ്പാട്:ഇന്ത്യയിലെ ജനങ്ങളുടെവിശുദ്ധഗ്രന്ഥം ഭരണഘടനയാണെന്നും അത് സംരക്ഷിക്കാൻ കോൺഗ്രസ് ഏതറ്റം വരെയും പോകുമെന്നും എ.ഐ.സി.സി.പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി പറഞ്ഞു.ഭരണഘടന പൊളിച്ചെഴുതാനുള്ളനീക്കത്തിന്റെ ആദ്യ ഘട്ടമാണ് പൗരത്വ ഭേദഗതി ബിൽ.അതിനെതിരായ എല്ലാ സമരങ്ങൾക്കും കോൺഗ്രസ് മുന്നിലുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡി.സി.സി അദ്ധ്യക്ഷൻ എം.ലിജുവിന്റെ നേതൃത്വത്തിൽ നടക്കുന്ന പദയാത്രയുടെ ഹരിപ്പാട് മേഖലയിലെ പര്യടനത്തിന്റെ സമാപന സമ്മേളനം ഉദദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.
പൗരത്വ ഭേദഗതി ബില്ലിനെ കോൺഗ്രസ് ഒറ്റപ്പെട്ട സംഭവമായി കാണുന്നില്ല.വരാൻ പോകുന്ന ദുരന്തപരമ്പരകളുടെ തുടക്കമാണ് അത്.ഭരണഘടനയുടെ അടിസ്ഥാന തത്വത്തിൽ മാറ്റം വന്നാൽ ദുരന്തമാവും ഫലം.പൗരന്മാരുടെ പല മൗലിക അവകാശങ്ങളും നിയന്ത്രിക്കപ്പെടും.അതിനുള്ള ടെസ്റ്റ് ഡോസാണ് ബിൽ. ആ മരുന്ന് കേരള വിപണിയിൽ വിൽക്കപ്പെടില്ല.
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ കേരളത്തിലെ ജനങ്ങളോട് വിശദീകരിക്കേണ്ട കാര്യമില്ല.ഓരോ ദിവസവും കഷ്ടപ്പാടും ദുരതവും വർദ്ധിക്കുകയാണ്.45 വർഷത്തിനിടയിൽ രാജ്യം കണ്ട ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് ഇപ്പോഴുള്ളത്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ എൽ.ഡി.എഫ് വന്നാൽ എല്ലാം ശരിയാവുമെന്ന് പറഞ്ഞു.എന്നിട്ട് എല്ലാം ശരിയായോ.ജനങ്ങളുടെ ദുരിതം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണ്. ട്രമ്പിന്റെ ഗുജറാത്തിലേക്കുള്ള വരവിന് 100 കോടിയാണ് ചിലവിടുന്നത്.കേരളത്തിൽ നിത്യേന പുറത്തുവരുന്ന അഴിമതി കഥകൾ ജനങ്ങൾക്ക് നേരിട്ട് ബോദ്ധ്യമുള്ളതാണ്.ഇതിനെല്ലാമെതിരെ ഉജ്വല മുന്നേറ്റം നടത്താൻ മുന്നിട്ടിറങ്ങിയ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അഭിനന്ദനമർഹിക്കുന്നുവെന്നും ആന്റണി പറഞ്ഞു.
ഡി.സി.സി.പ്രസിഡന്റ് എം.ലിജുവിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.ആർ.ഹരികുമാർ അദ്ധ്യക്ഷനായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,മുൻ എം.എൽ.എമാരായ എം.മുരളി,പാലോട് രവി,ബി.ബാബുപ്രസാദ്,എ.എ.ഷുക്കൂർ,കെ.പി.സി.സി നേതാക്കളായ കോശി എം.കോശി, ജോൺസൺ എബ്രഹാം,സി.ആർ.ജയപ്രകാശ്,എ.ത്രിവിക്രമൻതമ്പി,കെ.പി.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.