തുറവൂർ: അരൂർ - കുമ്പളം പാലത്തിൽ നിന്ന് കായലിൽ ചാടിയ യുവാവിനെ രണ്ടാം ദിനവും കണ്ടെത്താനായില്ല. അരൂർ ചിറ്റയിൽ ജയന്റെ മകൻ ജിതിൻ ( ജിത്തു - 28) ആണ് ഞായറാഴ്ച രാത്രി ഏഴരയോടെ പാലത്തിനു മധ്യത്തിൽ നിന്ന് കായലിൽ ചാടിയത്. ബന്ധുക്കളും സുഹൃത്തുക്കളും നോക്കി നിൽക്കെയായിരുന്നു സംഭവം. ബൈക്കിൽ എത്തിയ ജിതിൻ, പാലത്തിലെ നടപ്പാതയ്ക്ക് അരികിൽ ബൈക്ക് നിർത്തിയശേഷം സഹോദരി ഭർത്താവായ ഉണ്ണിയോട് പാലത്തിൽ നിന്നു ചാടി ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് മൊബൈൽ ഫോണിൽ വിളിച്ച് പറഞ്ഞതിനെ തുടർന്ന് ഉണ്ണിയും സുഹൃത്തുക്കളും ഉടൻ സ്ഥലത്തെത്തി. തുടർന്ന് ജിതിനെ അനുനയിപ്പിച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ കുതറി കായലിലേക്കു പെട്ടെന്ന് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അരൂർ പൊലീസും അഗ്നിശമന രക്ഷാ സേനയും ഫോർട്ടുകൊച്ചിയിൽ നിന്നെത്തിയ മുങ്ങൽ വിദഗ്ധരും മത്സ്യ തൊഴിലാളികളും ചേർന്ന് കായലിൽ സംഭവത്തിനു ശേഷവും ഇന്നലെയും തിരച്ചിൽ നടത്തിയെങ്കിലും ഫലമുുണ്ടായില്ല. അവിവാഹിതനായ ജിതിൻ കേബിൾ നെറ്റ് വർക് ജീവനക്കാരനാണ്.