മത്തി, അയല വില 250 കടന്നു.
ആലപ്പുഴ: കടലിൽ മത്സ്യത്തിന്റെ ലഭ്യതക്കുറവ് മത്സ്യത്തൊഴിലാളികൾക്കൊപ്പം മത്സ്യ പ്രേമികളെയും വലയ്ക്കുന്നു. മത്തിയും അയലയും അടക്കമുള്ള മീൻ വില കിലോയ്ക്ക് 250 കടന്നു.
ചുട്ടുപൊള്ളുന്ന കടലിൽ കണികാണാൻ പോലും മത്സ്യങ്ങൾ ഇല്ലാത്ത സാഹചര്യമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇന്നലയെും മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിരുന്നു. കഴിഞ്ഞ ഓഖിക്കു ശേഷമാണ് മത്തിയുടെയും അയലയുടെയും ലഭ്യതയിൽ വൻ കുറവുണ്ടായത്.
നിലവിൽ അന്യ സംസ്ഥാനക്കാർ കേരളത്തിലെ മത്സ്യക്ഷാമം മുതലെടുക്കുന്ന സാഹചര്യമാണുള്ളത്. ഗുജറാത്ത്, അംസം എന്നിവിടങ്ങളിൽ നിന്ന് മീനുകൾ എത്തിക്കുന്നുണ്ടെങ്കിലും വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയുന്നില്ല. ജില്ലയിൽ കടൽ കരിഞ്ഞ നിലയിലാണത്രെ. നീട്ടുവലക്കാരിൽ നിന്ന് കിട്ടുന്ന മീൻ മാത്രമാണ് വിൽപ്പനയ്ക്കെത്തുന്നത്. സുലഭമായി ലഭിച്ചിരുന്ന മത്തി, ചെമ്മീൻ തുടങ്ങിയവ വലയിൽ ലഭിച്ചിട്ട് മാസങ്ങളായി. ഇൗ സീസണിൽ ലഭിക്കേണ്ട ഞണ്ടും കിട്ടാക്കനിയാണ്. കടുത്ത ചൂട് കടലിന്റെ ജൈവ വൈവിദ്ധ്യത്തെയും ബാധിക്കുന്നുണ്ട്. മീനുകളുടെ ആവാസ്ഥ വ്യവസ്ഥയും തകിടം മറിയുന്നു. കരയോട് ചേർന്നു ബോട്ടുകൾ നടത്തുന്ന അനധികൃത മീൻപിടിത്തവും താപനില ഉയർന്നതും മീനിന്റെ ലഭ്യത കുറവിന് കാരണമായതായി വിലയിരുത്തുന്നു.
മീൻ ലഭ്യതയിലെ കുറവു മൂലം മത്സ്യത്തൊഴിലാളികൾ ബോട്ട് ഇറക്കിയിട്ട് മാസങ്ങളായി. ഇന്ധന ചെലവ് ഉൾപ്പെടെ വലിയ ബാദ്ധ്യതയാണ് ഉണ്ടാവുന്നത്. തൊഴിലാളികളും ഇതു അംഗീകരിക്കുന്നുണ്ട്. അനധികൃത മീൻപിടിത്തത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
..........................
# പുറം മോടിക്കാർ
കൊടുംചൂട് മത്സ്യബന്ധന മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. മീൻലഭ്യത കുത്തനെ ഇടിഞ്ഞതോടെ വിലകൂടിയെന്ന് മാത്രമല്ല നല്ലമീനും കിട്ടാതായി. പുറത്തുനിന്ന് വരുന്നതും ദിവസങ്ങളോളം പഴക്കമുള്ളതുമായ മീനുകളാണ് ഇപ്പോൾ വില്പനയ്ക്കെത്തുന്നവയിൽ ഏറിയപങ്കും. കഴിഞ്ഞവർഷം ഇതേസമയത്ത് കിട്ടിയതിന്റെ പകുതി മത്സ്യംപോലും ഇപ്പോൾ കിട്ടുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. അയല, മത്തി, ചൂര, പരവ തുടങ്ങിയ ആഴംകുറഞ്ഞ ഭാഗങ്ങളിൽ ജീവിക്കുന്ന മീനുകൾക്കാണ് കടുത്ത ക്ഷാമം നേരിടുന്നത്.
.......................................
# ഊഷ്മാവാണ് വിഷയം
തീരത്തോട് ചേർന്ന ആഴംകുറഞ്ഞ ഭാഗങ്ങളിലെ ജലത്തിന്റെ ഊഷ്മാവ് സാധാരണഗതിയിൽ വേനൽക്കാലത്ത് 25-30 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. അന്തരീിക്ഷ ഊഷ്മാവ് കൂടിയാൽ തീരക്കടലിലെ ഊഷ്മാവും വർദ്ധിക്കും. ഈ സമയത്ത് ആഴംകുറഞ്ഞ കടലിൽ ജീവിക്കുന്ന മത്സ്യങ്ങൾ ആഴംകൂടിയ ഭാഗങ്ങളിലേക്ക് നീങ്ങുന്നത് സാധാരണ പ്രതിഭാസമാണ്. കേരളത്തിലെ മത്സ്യങ്ങൾ അസം,ഗുജറാത്ത് തീരങ്ങളിലേക്കാണ് താവളം തേടി സഞ്ചരിക്കുന്നത്. 1000 മീറ്ററോളം ആഴമുള്ള ഭാഗങ്ങളിലെ ഊഷ്മാവ് 10 ഡിഗ്രിയോളം മാത്രമേയുണ്ടാവൂ. മനുഷ്യർക്കും മൃഗങ്ങൾക്കുമെന്നപോലെ വാസസ്ഥലത്തെ ഊഷ്മാവിൽ വരുന്ന വ്യതിയാനങ്ങൾ അതിജീവിക്കാനുള്ള ശേഷി മത്സ്യങ്ങൾക്കില്ല.
....................
'അനധികൃത മത്സ്യബന്ധനവും കാലവസ്ഥ വ്യതിയാനവുമാണ് ജില്ലയിലെ മത്സ്യക്ഷാമത്തിന്റെ പ്രധാന കാരണം. മത്സ്യത്തൊഴിലാളികൾ ഇൗ തൊഴിൽ മേഖല വിട്ടാണ് കുടുംബം പുലർത്തുന്നത്. പലരുടെയും ജീവിതം ദുരിതത്തിലാണ്'
(എ.കെ.ബേബി, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്)
..........................
'മത്സ്യക്ഷാമം രൂക്ഷമായിട്ട് ആഴ്ചകളായി. ബോട്ടുകൾ കടലിൽ ഇറക്കിയാൽ ചെലവായ രൂപ പോലും ലഭിക്കാറില്ല. മീൻ വില ഉയർന്നിട്ടും പ്രയോജനം ഇവിടത്തെ തൊഴിലാളികൾക്കില്ല'
(ലാൽ കോയപറമ്പിൽ,സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ പ്രസിഡന്റ്)
...........................
മീൻ വില (ഒരു കിലോ)
മത്തി: 200-250
കണ്ണിഅയല: 200-240
ചൂര: 300
കിളിമീൻ: 200
കേര: 310
പൂവാലൻ ചെമ്മീൻ: 270
വലിയ ചെമ്മീൻ: 380