ആലപ്പുഴ: ഹൗസ്ബോട്ട് അപകടങ്ങൾ പതിവായതോടെ കർശന സുരക്ഷാ നിർദ്ദേശങ്ങളുമായി അധികൃതർ രംഗത്ത്. അടിക്കടി ഉണ്ടാകുന്ന ഹൗസ് ബോട്ട് ദുരന്തങ്ങൾ കായൽ ടൂറിസത്തിന്റെ നിലനില്പിനെ കാര്യമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് മാർഗനിർദ്ദേശങ്ങൾ.

കഴിഞ്ഞ ദിവസം മുഹമ്മയിൽ ഉണ്ടായതാണ് അവസാനത്തെ അപകടം. മാനദണ്ഡങ്ങൾ പാലിക്കാതെയും മതിയായ സുരക്ഷയില്ലാതെയുമുള്ള സർവീസുകളാണ് അപകടങ്ങൾക്ക് കാരണം. ഇത്തരത്തിലുള്ള സർവീസുകൾ ഈ മേഖലയുടെ ഭാവിയാണ് ഇല്ലാതാക്കുന്നതെന്ന തിരിച്ചറിവ് ഹൗസ് ബോട്ട് ഉടമകൾക്ക് പോലുമില്ല.

ഫ്‌ളോട്ടിംഗ് ഫയർ സ്റ്റേഷനുകളിൽ നിന്നു വളരെ അകലെ വരെ ഹൗസ് ബോട്ടുകൾ സഞ്ചരിക്കുമെന്നതിനാൽ ഓരോ ബോട്ടിലും സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാകണം. ഇവ ഹൗസ് ബോട്ട് ജീവനക്കാർക്ക് അനായാസേന പ്രവർത്തിപ്പിക്കാൻ കഴിയുകയും വേണം. ഹൗസ്ബോട്ട് യാത്ര സംബന്ധിച്ചും സുരക്ഷാ കാര്യങ്ങളെപ്പറ്റിയും യാത്ര പുറപ്പെടും മുമ്പ് സഞ്ചാരികൾക്ക് വീഡിയോ വിശദീകരണം നൽകണം.

......................................

ബോട്ടുകളിൽ വേണ്ടത്

 ഹൗസ് ബോട്ടുകളിൽ ഒരു പോർട്ടബിൾ പമ്പ് പ്രവർത്തന സജ്ജമാക്കണം

 ഹൗസ് ബോട്ടുകളിൽ നിശ്ചിത അകലത്തിൽ ഫയർ എക്സിറ്റിഗ്യൂഷറുകൾ സ്ഥാപിക്കണം

 സ്‌മോക് ഡിക്ടക്ടിംഗ് അലാം സിസ്റ്റവും സ്പ്രിംഗ്ളർ സിസ്റ്റവും വേണം

 ബോട്ടുകളിലെ ഹള്ളിൽ വാട്ടർ ലെവൽ അലാം സിസ്റ്റം സ്ഥാപിക്കണം

...................................

അനിവാര്യം

 നെഹ്രുട്രോഫി, മുഹമ്മ, പള്ളാത്തുരുത്തി എന്നിവിടങ്ങളിൽ ഫ്ളോട്ടിംഗ് ഫയർസ്റ്റേഷൻ

 രാമങ്കരി പഞ്ചായത്ത് അഗ്‌നിരക്ഷാസേനയ്ക്ക് വിട്ടുനൽകാൻ തയ്യാറായ സ്ഥലത്ത് പുതിയ ഫയർ സ്റ്റേഷൻ

 ആലപ്പുഴ ജില്ലാ ഓഫീസ് കേന്ദ്രീകരിച്ച് 50 അംഗങ്ങൾ ഉൾപ്പെടുന്ന സ്‌കൂബാ ടീം

 ആധുനിക അതിവേഗ ചെറുബോട്ടുകൾ (സ്പീഡ് ബോട്ട്) ഫ്ളോട്ടിംഗ് ഫയർസ്റ്റേഷനുകളിലും ആലപ്പുഴ നിലയത്തിലും നിർദിഷ്ട രാമങ്കരി നിലയത്തിലും വേണം
 വെള്ളത്തിൽ രക്ഷാ പ്രവർത്തനം നടത്താൻ പ്രത്യേക പരിശീലനം ലഭിക്കുന്ന സേനയെ നിയമിക്കണം