illu

ആലപ്പുഴ : ഒരിക്കൽ ഓണാട്ടുകരയുടെ കാർഷിക സംസ്കൃതിയിൽ തിളങ്ങി നിൽക്കുകയും പിന്നീട് വിസ്മൃതിയിലേക്ക് മറയുകയും ചെയ്ത എള്ളുകൃഷിയെ തിരികെക്കൊണ്ടുവരികയാണ് താമരക്കുളം ഗ്രാമ പഞ്ചായത്ത്.

കർഷക കൂട്ടായ്മയി​ലൂടെയാണ് എള്ളി​നെ ഓണാട്ടുകരയുടെ മണ്ണി​ലേക്ക് തി​രരി​കെക്കൊണ്ടുവരുന്നത്.
12 വർഷങ്ങൾക്ക് മുമ്പാണ് താമരക്കുളത്തെ പാടശേഖരങ്ങളിൽ നി​ന്ന് കർഷകർ എള്ളുകൃഷി​ ഉപേക്ഷി​ച്ചത് ​. ഇപ്പോൾ പഞ്ചായത്തിന്റെയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും സഹായസഹകരണത്തോടെ 23 ഏക്കർ പാടശേഖരത്തിൽ എള്ളു വി​തച്ചു. തെങ്ങിനാൽ വയൽ നെല്ലുത്പാദക സമി​തിയുടെ നേതൃത്വത്തിൽ 13 ഏക്കറിലും, കണ്ണനാംകുഴി ആര്യ നെല്ലുത്പാദന സമതിയുടെ നേതൃത്വത്തിൽ 10 ഏക്കറിലുമാണ് കൃഷി ഇറക്കിയത്.
ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹെക്ടറിന് 7000 രൂപ വീതവും കൃഷി വകുപ്പ് ഹെക്ടറിന് 5000രൂപ വീതവും കർഷകർക്ക് നൽകും. താമരക്കുളം പഞ്ചായത്തിലെ അമ്പതോളം കർഷകരുടെ കൂട്ടായ്മയിലാണ് കൃഷി. ആവശ്യമായ നല്ല ഇനം വിത്തുകൾ കൃഷിഭവനിൽ നിന്ന് സൗജന്യമായി നൽകി. വളവും സബ്സിഡി നിരക്കിൽ നൽകുന്നു.
മകരക്കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിലാണ് എള്ള് വിതച്ചത്. ഓണാട്ടുകര കാർഷിക സേവന കേന്ദ്രത്തിലെ സാങ്കേതിക വിദഗ്ദ്ധരുടെ നേതൃത്വത്തിൽ കൃഷിക്കായി നിലമൊരുക്കി. നെല്ല് കൃഷി ചെയ്യുന്ന പാടശേഖരങ്ങളിൽ മൂന്നാം വിളയായാണ് ഓണാട്ടുകരയിൽ എള്ള് കൃഷി ചെയുന്നത്.മൂന്നുമാസം വരെയാണ് എള്ളിന്റെ കാലാവധി. മേയ് മാസത്തോടെ വിളവെടുപ്പ് ആരംഭിക്കും.

''എള്ള് കൃഷി തിരികെ കൊണ്ട് വരാൻ കാർഷിക ക്ഷേമ കർഷക വകുപ്പും പഞ്ചായത്തും മുന്നിട്ടിറങ്ങിയപ്പോൾ കർഷകർക്കത് പുതിയ ആവേശമായി. മികച്ച വിളവാണ് കൃഷിയിൽ നിന്നു പ്രതീക്ഷിക്കുന്നത്. കൂടുതൽ പ്രദേശങ്ങളലേക്ക് എള്ളുകൃഷി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്

എസ്. അഞ്ജന, താമരക്കുളം കൃഷിഭവൻ കൃഷി ഓഫീസർ