ചേർത്തല: കണിച്ചുകുളങ്ങര ദേവീക്ഷേത്രോത്സവം ഭംഗിയായും ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരവും നടത്തുന്നതിനായി സർക്കാർ തലത്തിൽ നിന്നും ആവശ്യമായ എല്ലാ സഹായവും നൽകിയ മന്ത്റി.ജി.സുധാകരന് കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ആദരം. ഇന്ന് രാത്രി 8ന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ മന്ത്രിയെ അനുമോദിക്കും.
21 ദിവസക്കാലം ചിക്കരകുഞ്ഞുങ്ങളും രക്ഷിതാക്കളും ഭജനം പാർക്കുന്നവരുമുൾപ്പടെ 25000ത്തോളം പേർ താമസിക്കുകയും ആയിരകണക്കിന് ഭക്തജനങ്ങൾ വന്നുപോകുകയും ചെയ്യുന്ന ഉത്സവ ചടങ്ങുകൾ ക്ഷേത്രവും പരിസരവും മലീനകരണ നിയന്ത്റണബോർഡിന്റെ നിയന്ത്റണങ്ങൾക്ക് വിധേയമായി അനുമതിയോടുകൂടിയാണ് നടത്തി വരുന്നത്. ശബ്ദമലിനീകരണവും വായുമലിനീകരണവും മണ്ണിന്റെയും വെള്ളത്തിന്റെയും മലിനീകരണം എന്നിവ പൂർണമായും നിയന്ത്റിച്ചു കൊണ്ടാണ് ഈ വർഷത്തെ ഉത്സവം നടത്തുന്നത്. ഭക്ഷണാവശിഷ്ടങ്ങളും മലിനജലവും സ്വീവേജ് മാലിന്യവും എല്ലാം മലിനീകരണ നിയന്ത്റണബോർഡിന്റെ സാങ്കേതിക സഹായത്തോടെ വിവിധങ്ങളായ ശാസ്ത്രീയ മാർഗങ്ങളിലൂടെ സംസ്‌കരിക്കുന്നു. താമസിക്കുന്ന മുഴുവൻ ആൾക്കാർക്കും പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കി സ്റ്റീൽ പാത്രവും ഗ്ലാസും ഉപയോഗിച്ചുള്ള ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ നിരവധി സാങ്കേതിക സഹായങ്ങളും നിർദ്ദേശങ്ങളും ആവശ്യമായിരുന്നു. ഇതിന് എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ട് എല്ലാ സഹായവും നൽകിയത് മന്ത്റി.ജി.സുധാകരനാണ്.ചടങ്ങിൽ പാചക വിദഗ്ദ്ധൻ ഹരിഗോവിന്ദൻ കാറ്ററിംഗ് ഉടമ ഷിബുവിനെയും ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകിയ വനിതാ സെൽഫി പ്രവർത്തകരെയും ദേവസ്വം ആദരിക്കും. ചടങ്ങിൽ എല്ലാവരും പങ്കാളികളാകണമെന്ന് ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ പൊഴിക്കൽ അറിയിച്ചു.