ആലപ്പുഴ: ഏഴുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകനെ നോർത്ത് പൊലീസ് അറസ്റ്റു ചെയ്തു. കാഞ്ഞിരംചിറ മുജാഹിദ് പള്ളിയിലെ ഇമാമായ ജാബിദ് അത്തറാണ് (30) അറസ്റ്റിലായത്. തിങ്കളാഴ്ച വൈകിട്ട് 6.30ഓടെ പള്ളിയിൽ നിസ്‌കരിക്കാനെത്തിയ കുട്ടിയെ ഇമാം ഉപദ്രവിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെത്തി അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ മാതാപിതാക്കൾ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ രാത്രിയോടെ നോർത്ത് എസ്.ഐ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ജാബിദിനെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.