ആലപ്പുഴ : നല്ല നാടൻ മാങ്ങയുടെ മധുരം നുണയണമെങ്കിൽ ഇക്കുറി കുറച്ച് കാത്തിരിക്കേണ്ടിവരും. പതിവിൽ നിന്ന് വ്യത്യസ്തമായി, ജില്ലയിലെ മാവുകളിൽ ഭൂരിപക്ഷവും ഇത്തവണ പൂത്ത് തുടങ്ങിയിട്ടേയുള്ളൂ.

അന്തരീക്ഷ താപനില കൂടിയതും കാലംതെറ്റിയെത്തിയ മഴയും മാവുകൾ പൂക്കാൻ വൈകിയതിനു കാരണമാണ് . സാധാരണ നവംബർ-ഡിസംബർ മാസത്തിൽ പൂവിടുകയും മാർച്ച്-ഏപ്രിൽ മാസത്തോടെ വിളവെടുക്കുകയും ചെയ്യുന്നതാണ് മാങ്ങാ സീസൺ. എന്നാൽ, ഇത്തവണ ഫെബ്രുവരി ആദ്യത്തോടെയാണ് മാവുകൾ പൂത്ത് തുടങ്ങിയത്. മാത്രമല്ല, നിറയെ കായ്ഫലം ലഭിച്ചിരുന്ന മാവുകളിൽ പലതും ഭാഗികമായേ പൂത്തിട്ടുള്ളുവെന്നതും തിരിച്ചടിയാണ്. സസ്യപോഷണത്തിന്റെ അളവ്, പൂക്കളുടെ ലിംഗാനുപാതം,ഹോർമോൺ അസന്തുലിതാവസ്ഥ, പരമ്പര്യഘടകങ്ങൾ തുടങ്ങിയവയും മാവിന്റെ പൂവിടലിനെ ബാധിക്കും. പൊതുവേ നാട്ടിൻപുറങ്ങളിൽ കാണുന്ന ഗോമാങ്ങ, ലാത്തിമാങ്ങ, പഴമാങ്ങ എന്നീ ഇനങ്ങൾ ഇത്തവണ പൂവിട്ടിത് താമസിച്ചാണ്. തണുപ്പ് കുറഞ്ഞതും ചൂട് ക്രമാതീതമായി ഉയർന്നതുമാണ് മാവുകൾ പൂക്കാൻ തടസമായത്. സാധാരണ, ഇന്ത്യയിൽ തന്നെ ആദ്യം മാങ്ങാ സീസൺ ആരംഭിക്കുന്നത് കേരളത്തിലാണ്. എന്നാൽ ഇത്തവണ ഈ സ്ഥാനം തമിഴ്നാട് കൈയടക്കി. ജില്ലയിൽ വിപണിയിൽ തമിഴ്നാടൻ മാങ്ങകൾ ഇടംപിടിച്ചു കഴിഞ്ഞു.

മാങ്ങയിലെ താരങ്ങൾ

അൽഫോൺസ, ബംഗനാപ്പള്ളി, സിന്ദൂരം, തോത്താപുരി, കാലാപാടി, നീലം, മല്ലിക, നാട്ടശാല, ബംഗ്ലോറ, പ്രയൂർ, മൂവാണ്ടൻ, ഹിമപ്രശാന്ത് ,കിളിച്ചുണ്ടൻ എന്നിവയാണ് കേരളത്തിലെ മാങ്ങാപ്രേമികളുടെ പ്രിയതാരങ്ങൾ.

മാവുകളുടെ പൂക്കാലം തെറ്റിക്കുന്നത്

 പ്രളയത്തിനുശേഷമാണ് മാവുകൾ കാലം തെറ്റി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത്.

 അനവസരത്തിലുണ്ടാകുന്ന പൂക്കളിൽ പരാഗണം നടക്കാതെ വന്നാൽ അവ കൊഴിയുന്നതിന് ഇടയാകും.

 അന്തരീക്ഷ താപനില, ഈർപ്പം, കാറ്റ്, കീടരോഗബാധ തുടങ്ങിയ ബാഹ്യഘടകങ്ങളും കായ്ഫലത്തെ സ്വാധീനിക്കും

പരിഹാരം

ശരിയായ വളപ്രയോഗം, ജലസേചനം, കീടരോഗനിയന്ത്രണം, കാര്യക്ഷമവും സമയബന്ധിതവുമായ കൃഷിപരിപാലനമുറകൾ എന്നിവ നടത്താനായാൽ പ്രശ്‌നങ്ങൾ ഒരളവുവരെ പരിഹരിക്കാൻ കഴിയുമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

90- 105

90ദിവസങ്ങൾ കൊണ്ടും 105 ദിവസങ്ങൾകൊണ്ടും ഫലമാകുന്ന മാങ്ങ ഇനങ്ങളുണ്ട്.

 കീടശല്യം

ചൂട്കനത്തത് കൃഷിക്ക് തിരിച്ചടിയായതിനൊപ്പം നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ആക്രമണവും ഭീഷണിയാണ്. ഇലപ്പേനുകൾ,വെള്ളീച്ച,മണ്ഡരി,മുഞ്ഞ തുടങ്ങിയവയാണ് മാവുകളെ ബാധിക്കുക. ചൂട് ക്രമാതീതമായി വർദ്ധിച്ചതോടെ പ്രാണിശല്യവും കൂടുതലാണ് . മാവ് പൂത്ത് തുടങ്ങിയപ്പോൾ തന്നെ കീടങ്ങളുടെ ആക്രമണം ഉണ്ടാകുന്നത് ദോഷകരമായി ബാധിക്കും

''കാലവസ്ഥയിലുണ്ടാവുന്ന മാറ്റം വലിയതോതിൽ വിളകളെ ബാധിച്ചു. ഇത് ഒരു സൂചനയായി കരുതണം. അന്തരീക്ഷ താപനില വലിയതോതിൽ വർദ്ധിക്കുന്നത് അമിതവരൾച്ച, കാലംതെറ്റിയ മഴ, ഭക്ഷ്യവിളകളിൽ പരാഗണത്തിന്റെ തോത് കുറയൽ, പരാഗണം തടസപ്പെടൽ, കീടങ്ങളുടെ ശല്യം വർദ്ധിക്കുക എന്നിവയ്ക്ക് കാരണമാവും

(കാർഷിക വികസന കർഷകക്ഷേമ വകുപ്പ് അധികൃതർ)