high-court-
HIGH COURT

മാവേലിക്കര: ഗുരുദേവ ചാരി​റ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെയും ,വെള്ളാപ്പള്ളി നടേശൻ കോളേജ് ഒഫ് എൻജിനിയറിംഗിന്റെയും ചെയർമാനായി താൻ തുടരുന്നുവെന്നും ,നിയമാനുസൃതം ട്രസ്റ്ര് അംഗമല്ലാത്ത ഗോകുലം ഗോപാലൻ ചെയർമാനല്ലെന്നും കാണിച്ച് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മാവേലിക്കര സബ് കോടതിയിൽ ഹർജി നൽകി. ഹർജി ഫയലിൽ സ്വീകരിച്ച് എതിർ കക്ഷികൾക്ക് നോട്ടീസയച്ച കോടതി, മാർച്ച് 16 ന് വാദം കേൾക്കും.ട്രസ്റ്ര് ജനറൽ സെക്രട്ടറി സുഭാഷ് വാസു, ട്രഷറർ എസ്.ബാബുരാജ്,ഗോകുലം ഗോപാലൻ, സുരേഷ് ബാബു, സദാശിവൻ എന്നിവരാണ് എതിർ കക്ഷികൾ.
തുഷാർ വെള്ളാപ്പള്ളിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് നിയമാനുസൃതം മാ​റ്റിയിട്ടില്ലെന്നും ,ഒഴിവില്ലാത്ത ചെയർമാൻ സ്ഥാനത്തേക്ക് ഗോകുലം ഗോപാലനെ തിരഞ്ഞെടുത്തതായി കണക്കാക്കാനാവില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.ചട്ടപ്രകാരം എല്ലാ ഗവേണിംഗ് ബോഡി അംഗങ്ങൾക്കും അജൻഡ വച്ച് നോട്ടീസ് നൽകി ട്രസ്റ്റിന്റെ ഗവേണിംഗ് ബോഡി യോഗം ചേർന്നേ അംഗത്വ അപേക്ഷ പരിഗണിക്കാൻ പാടുള്ളൂ. അത്തരം ഗവേണിംഗ് ബോഡി കൂടിയിട്ടില്ല. ട്രസ്റ്രിന് ഷെയർ കാപ്പി​റ്റലും ഷെയറുമില്ല.അതിനാൽ,

5 കോടിയുടെ ഷെയറുകൾ ഗോകുലം ഗോപാലൻ എടുത്തെന്നും പറയാനാവില്ല. ഒരംഗത്വത്തിന് പരമാവധി 25 ലക്ഷം രൂപയാണ്. അതനുസരിച്ചുള്ള അനുപാതിക വോട്ടവകാശമേ അംഗത്തിനുള്ളൂവെന്നും ഹർജിയിൽ പറയുന്നു. തുഷാർ വെള്ളാപ്പള്ളിക്കു വേണ്ടി അഭിഭാഷകരായ എ.എൻ.രാജൻ ബാബു, നിസാർ,ബീന, സിനിൽ മുണ്ടപ്പള്ളി എന്നിവരാണ് ഹർജി ഫയൽ ചെയ്തത്.

ഹർജിയിലെ

മറ്റു കാര്യങ്ങൾ
ചെയർമാനെ തിരഞ്ഞെടുക്കുന്നത് ഡയറക്ടർ ബോർഡാണ്.

പബ്ലിക് ട്രസ്റ്റീസിനെ നീക്കം ചെയ്യേണ്ടത് സിവിൽ കോടതിയാണ്.

ഒൻപതംഗ ഗവേണിംഗ് ബോഡിയിൽ 4 പേർക്ക് നോട്ടീസ് നൽകിയിട്ടില്ല.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 18 കോടിയുടെ വായ്പയെടുത്തത് അനധികൃതമായാണ്

വായ്പാത്തുക കോളേജ് ആവശ്യങ്ങൾക്കായി ചെലവഴിക്കുകയോ , തിരിച്ചടയ്ക്കുകയോ ചെയ്തിട്ടില്ല.
സുഭാഷ് വാസു യോഗം മാവേലിക്കര യൂണിയൻ പ്രസിഡന്റായിരിക്കെ നടത്തിയ സാമ്പത്തിക തട്ടിപ്പു കാരണം യൂണിയൻ ഭരണസമിതി പിരിച്ചുവിട്ടു..

2020 ജനുവരി എട്ടിന് നടത്തിയെന്ന് പറയുന്ന ബോർഡ് യോഗത്തിന് സാധുതയില്ല.