 കവർ പാൽ വില്പനയിൽ നിയന്ത്രണം
 കർണ്ണാടക പാൽ വരവ് നിലച്ചു

ആലപ്പുഴ: വേനൽച്ചൂട് രൂക്ഷമാവുകയും കർണ്ണാടകയിൽ നിന്നുള്ള വരവ് നിലയ്ക്കുകയും ചെയ്തതോടെ സംസ്ഥാനത്ത് മിൽമയുടെ പാൽ വിതരണം അവതാളത്തിലായി. പ്രതിദിനം 14 ലക്ഷം ലിറ്റർ പാൽ വേണ്ടിടത്ത് 11 ലക്ഷം ലിറ്റർ മാത്രമേ വിതരണം ചെയ്യാൻ കഴിയുന്നുള്ളൂ. ആഭ്യന്തര ഉത്പാദനം പ്രതിദിനം 12.75 ലക്ഷം ലിറ്റർ ആയിരുന്നത് 11 ലക്ഷത്തിനും താഴെയായപ്പോൾ, ഒരാഴ്ചയായി കർണ്ണാടകയിൽ നിന്ന് ഒരു ലിറ്റർ പാൽ പോലും ലഭിക്കുന്നുമില്ല!

പുന്നപ്ര ഡയറിയിൽ നിന്ന് മാത്രം ജില്ലയിൽ ഒരു ലക്ഷം ലിറ്റർ പാലാണ് പ്രതിദിനം വിതരണം നടത്തുന്നത്. ഇത് 70,000 ലിറ്ററായി കുറഞ്ഞു. മലബാറിൽ നിന്നുള്ള വരവ് നിലച്ച മട്ടാണ്. പാലക്കാട്,പട്ടാമ്പി എന്നിവടങ്ങളിൽ നിന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ 15,000 ലിറ്റർ പാൽ മാത്രമാണ് ലഭിച്ചിരുന്നത്. കർണ്ണാടകയിൽ നിന്നുള്ള 20,000 ലിറ്ററും പുന്നപ്ര ഡയറിയിൽ ലഭിച്ചിരുന്നു. നിലവിൽ 10,000 ലിറ്ററാണ് ആകെ ലഭിക്കുന്നത്. തമിഴ് നാട്ടിലെ ഈറോഡിൽ നിന്നുള്ള പാലിന്റെ വരവ് കഴിഞ്ഞ നവംബർ മുതൽ നിലച്ചു.

കർണ്ണാടകയിൽ നിന്ന് 1.75ലക്ഷം ലിറ്റർ പാലാണ് പ്രതിദിനം ലഭിച്ചിരുന്നത്. അവിടെ പാൽ ഉത്പാദനം കുറഞ്ഞതോടെ മറ്റു സംസ്ഥാനങ്ങളിലേക്ക് പാൽ അയയ്ക്കുന്നത് സർക്കാർ തത്കാലത്തേക്ക് നിറുത്തി വയ്ക്കുകയായിരുന്നു. കർണ്ണാടകയിൽ നിന്ന് വാങ്ങിയ അത്രയും പാൽ തമിഴ്നാട്ടിൽ നിന്ന് വാങ്ങാനുള്ള ശ്രമത്തിലാണ് മിൽമ ഭരണസമിതി. തിരുവനന്തപുരം മേഖലയിൽ മാത്രം കഴിഞ്ഞ മഴക്കാലത്തേക്കാൾ ഒരു ലക്ഷം ലിറ്റർ പാലാണ് ഉത്പാദനത്തിൽ കുറഞ്ഞത്.

കവർപാൽ വില്പനയിൽ മിൽമ നിയന്ത്രണം ഏർപ്പെടുത്തി. ഏജന്റുമാർ അടയ്ക്കുന്ന പണത്തിന്റെ 30 മുതൽ 40 ശതമാനം വരെ കവർപാലാണ് മിൽമ വിതരണം ചെയ്യുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഏജന്റുമാരിൽ നിന്ന് പണവും വാങ്ങുന്നില്ല. അന്യസംസ്ഥാനങ്ങളിൽ നിന്ന് എടുക്കുന്ന പാൽ ലിറ്ററിന് 98 പൈസ നഷ്ടത്തിലാണ് മിൽമ വിതരണം ചെയ്യുന്നത്.

.......................................

 14 ലക്ഷം ലിറ്റർ: പ്രതിദിനം മിൽമയ്ക്ക് വേണ്ടത്

 11 ലക്ഷം ലിറ്റർ: നിലവിൽ മിൽമയ്ക്ക് ലഭിക്കുന്നത്

............................................

# കളമൊഴിഞ്ഞ് കർഷകർ

പുല്ലിന്റെയും വൈക്കോലിന്റെയും ലഭ്യതക്കുറവും കാലിത്തീറ്റയുടെ വിലവർദ്ധനവുമാണ് ക്ഷീര കർഷകർ രംഗം വിടാൻ കാരണം. മിൽമ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് നൽകിയിരുന്ന 200 രൂപ സബ്സിഡി ഘട്ടംഘട്ടമായി കുറച്ച് പൂർണ്ണമായും നിറുത്തലാക്കി. പുറംമാർക്കറ്റിനേക്കാൾ 125 രൂപ അധികം മിൽമയുടെ കാലിത്തീറ്റയ്ക്ക് നൽകണം.

.....................................

'100 കവർ പാൽ ആവശ്യപ്പെട്ടാൽ 70 കവറാണ് ലഭിക്കുന്നത്. പതിവായി വാങ്ങുന്ന ഉപഭോക്താക്കളൊക്കെ പ്രതിഷേധത്തിലാണ്

(മിൽമ ഏജന്റ്, ആലപ്പുഴ)

....................................

'രണ്ട് ദിവസത്തിനുള്ളിൽ നിലവിലെ പ്രതിസന്ധി പരിഹരിക്കും. തമിഴ് നാട്ടിൽ നിന്ന് 1.5 ലക്ഷം ലിറ്റർ പാൽ എത്തിക്കാനുള്ള ധാരണയായി'

കല്ലട രമേശ്, ചെയർമാൻ, മിൽമ